ബാഗിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി പക്ഷികളെ കടത്താന്‍ ശ്രമിച്ച കുടുംബം കസ്റ്റംസിന്റെ പിടിയില്‍. തായ്ലന്‍ഡില്‍ നിന്ന് എത്തിയ ഇവരുടെ ചെക്ക്-ഇന്‍ ബാഗേജില്‍ നിന്നാണ് വംശനാശഭീഷണി നേരിടുന്ന 11 ജീവനുള്ള പക്ഷികളെ കണ്ടെത്തിയത്. ഭാര്യയും ഭര്‍ത്താവും ഏഴ് വയസുള്ള മകനും ഉള്‍പ്പെടുന്ന കുടുംബമാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ എക്‌സിറ്റ് പോയിന്റില്‍ വെച്ച് കസ്റ്റംസ് ഇവരെ തടയുകയായിരുന്നു. നിയമപരമായ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പക്ഷികളെ കൊണ്ടുവന്നത്.
വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ഇനം സസ്യ, ജന്തുജാലങ്ങളെ സംബന്ധിച്ചുള്ള രാജ്യാന്തര കണ്‍വെന്‍ഷനിലെ ചട്ടം 1, 2 വിഭാഗങ്ങളില്‍ പെടുന്ന പക്ഷികളെയാണ് പിടിച്ചെടുത്തത്. ഇവയെ കൊണ്ടുവരുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഏതെങ്കിലും മൃഗശാല വഴിയേ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. ഇതെല്ലാം ലംഘിച്ചാണ് പക്ഷികളെ കൊണ്ടുവന്നത്. പക്ഷികളെ ഉടന്‍ തായ്ലന്‍ഡിലേക്ക് തിരിച്ചയക്കും.
കുടുംബത്തെയും പക്ഷികളെയും തുടര്‍നടപടികള്‍ക്കായി വനംവകുപ്പിന് കൈമാറി. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കച്ചവട ലക്ഷ്യങ്ങളുമായിട്ടാണോ കടത്ത് നടത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ജൂണില്‍ അപൂര്‍വഇനം കുരങ്ങന്മാരെയും പക്ഷികളെയും കടത്തിയ പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ പിടിയിലായിരുന്നു. ആഡംബര പക്ഷികളെ വളര്‍ത്തുന്ന വിപണി ലക്ഷ്യമിട്ടാണ് ഇവയെ കൊണ്ടുവരുന്നതെന്നാണ് വിവരം.
Customs at Kochi Airport detained a family arriving from Thailand after discovering 11 endangered birds in their baggage. The birds, protected under international conventions, will be sent back to Thailand. The Forest Department is investigating possible wildlife trade links.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."