വളവുകൾ വീതികൂട്ടുന്നതിന് മരം മുറിക്കുന്നു; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
കൽപ്പറ്റ: നവീകരണത്തിന്റെ ഭാഗമായി താമരശ്ശേരി ചുരം പാതിയിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം. ചുരത്തിലെ വീതി കുറഞ്ഞ ആറ്, ഏഴ്, എട്ട് വളവുകളുടെ വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. നിലവിൽ എട്ടാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനാണ് ഇന്നുമുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
രാവിലെ ഏട്ട് മുതൽ വൈകിട്ട് ആറ് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ചുരത്തിലൂടെ വരുന്ന മൾട്ടി ആക്‌സിൽ വാഹനങ്ങൾ, ഭാരവാഹനങ്ങൾ എന്നിവ നാടുകാണി ചുരം, കുറ്റ്യാടി ചുരം വഴി പോകണമെന്നാണ് അറിയിപ്പ്. 37 കോടി രൂപ ചെലവിലാണ് വീതി കുറഞ്ഞ മൂന്ന് വളവുകൾ നവീകരിക്കുന്നത്. വീതി കൂട്ടുന്നതിന് ആവശ്യമായ വനഭൂമി വർഷങ്ങൾക്ക് മുമ്പ് തന്നെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിട്ടുനൽകിയിരുന്നു. എന്നാൽ പ്രവൃത്തി ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.
നവംബർ അവസാന വാരത്തിലാണ് മരം മുറി ആരംഭിച്ചത്. മൂന്ന് വളവുകളിലുമായി 393 മരങ്ങളാണ് മുറിച്ച് നീക്കാനുള്ളത്. മുറിച്ചുമാറ്റേണ്ട മരങ്ങൾ ഇതിനകം അടയാളപ്പെടുത്തിയിട്ടുണ്ട്. ഡൽഹി ആസ്ഥാനമായുള്ള ചൗധരി കൺസ്ട്രക്ഷൻ കമ്പനിയാണ് നവീകരണ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. പാറ അടർത്തിമാറ്റി വീതി കൂട്ടുകയാണ് ചെയ്യുക. വളവുകൾ കൂടി വീതി കുട്ടുന്നതോടെ ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Traffic on Thamarassery Ghat Road will be restricted from today due to widening work at the 6th, 7th, and 8th bends.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."