ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈംഗിക പീഡനക്കേസിൽ സുപ്രീംകോടതിയുടെ അസാധാരണ നടപടി; മധ്യസ്ഥതാ സാധ്യത പരിശോധിക്കാൻ സൂചന
ഡൽഹി: പ്രമുഖ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണനെ പ്രതിയാക്കിയുള്ള ലൈംഗിക പീഡനക്കേസിൽ സുപ്രീംകോടതി അപ്രതീക്ഷിതമായ നീക്കം നടത്തി. കേസ് മധ്യസ്ഥതാ സംവിധാനത്തിലൂടെ സമാധാനപരമായി പരിഹരിക്കാമോ എന്ന് കോടതി അതിജീവിതയോട് ചോദിച്ചു. കേസിന്റെ സാഹചര്യങ്ങളും വിശദാംശങ്ങളും വിലയിരുത്തിയ ശേഷമാണ് സുപ്രീംകോടതി ഈ ചോദ്യം ഉയർത്തിയത്. തുടർന്ന്, ഈ സാധ്യത പരിശോധിക്കാൻ കേസ് സുപ്രീംകോടതിയുടെ മീഡിയേഷൻ സെന്ററിലേക്ക് കൈമാറി.
ഇരു കക്ഷികളും ഓൺലൈൻ മോഡിലൂടെ ഹാജരാകാൻ കോടതി നിർദേശിച്ചു. സാധാരണയായി ലൈംഗിക അതിക്രമ പരാതികളിൽ സുപ്രീംകോടതി ഇത്തരം മധ്യസ്ഥതാ നടപടികൾ സ്വീകരിക്കാറില്ല. എന്നിരുന്നാലും, പ്രതിയായ വേണു ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി ഈ അസാധാരണ നടപടിയിലേക്ക് കടന്നത്. നേരത്തെ കേസിൽ വേണുവിന് അറസ്റ്റിൽ നിന്നുള്ള സംരക്ഷണം നീട്ടിക്കൊടുത്തിരുന്നു.
ഈ മാസം 7-ന് ഇരു കക്ഷികളും ഓൺലൈനായി മീഡിയേഷൻ സെന്ററിൽ ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി. മധ്യസ്ഥതാ സെന്ററിന്റെ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. കേസ് അടുത്ത വർഷം ഫെബ്രുവരി 2-ന് വീണ്ടും പരിഗണിക്കും.
കേസിൽ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകയായ സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷോങ്കർ ഹാജരായി. പ്രതിയായ വേണു ഗോപാലകൃഷ്ണനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, രാകേഷ് ബസന്ത് എന്നിവരും അഭിഭാഷകരായ വിഷ്ണു പി, തോമസ് ആനക്കല്ലുങ്കൽ എന്നിവരും കോടതിയിൽ ഹാജരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."