ശബരിമലക്കായി 456 ബസുകൾ മാറ്റിയതിനു പിന്നാലെ തെരഞ്ഞെടുപ്പിനും കെ.എസ്.ആർ.ടി.സി ബസുകൾ; യാത്രാക്ലേശം രൂക്ഷമാകും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടത്തോടെ നിരത്തിൽനിന്ന് മാറ്റുന്നത് യാത്രാക്ലേശം രൂക്ഷമാക്കും. നാളെ മുതൽ നിർദ്ദേശിക്കുന്ന കേന്ദ്രങ്ങളിൽ ഡ്രൈവർ സഹിതം ബസുകൾ എത്തിക്കാൻ യൂനിറ്റ് അധികൃതർക്ക് മോട്ടോർ വാഹന വകുപ്പ്നിർദേശം നൽകി. തിരുവനന്തപുരം ജില്ലയിൽ മാത്രം 16 യൂനിറ്റുകളിൽ നിന്നായി 82 ബസുകളാണ് മാറ്റുന്നത്. ഓരോ യൂനിറ്റിൽ നിന്നും മൂന്ന് മുതൽ ഏഴ് ബസുവരെയാണ് ഏറ്റെടുത്ത് നൽകുന്നത്.
എല്ലാ ജില്ലകളിലും ഇതേ നിലവാരത്തിലാണ് ബസുകൾ വിട്ടുനൽകാൻ നിർദേശം നൽകിയത്. മികച്ച ബസുകളാണ് ഡ്യൂട്ടിക്ക് നൽകുന്നത്. ബസുകൾ കുറയുന്നതോടെ യാത്രാ ദുരിതവും രൂക്ഷമാകും. ശബരിമല പ്രത്യേക സർവിസിനായി 456 ബസുകൾ മാറ്റിയതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിനായി വീണ്ടും നൂറുകണക്കിന് ബസുകൾ ഡ്യൂട്ടിക്ക് വിട്ടുനൽകുന്നത്. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ഇത്രയധികം ബസുകൾ മുൻപ് ഉപയോഗിച്ചിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.
തെക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് ഒൻപതിന് ആണെങ്കിലും ഏഴു മുതൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബസുകൾ ഉപയോഗത്തിലായിരിക്കും. കുറഞ്ഞത് മൂന്ന് ദിവസം നിരത്തുകളിൽ സർവിസുകൾ ഗണ്യമായി കുറയും. പ്രധാന റൂട്ടുകളിൽ പോലും സർവിസുകൾ കുറയുന്നതോടെ ദൈനംദിന യാത്രകളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ആളുകൾ കടുത്ത ദുരിതത്തിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."