ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ
ഷാർജ: ഈ വർഷത്തെ ദേശീയ വാർഷികം ആഘോഷിക്കുന്ന യു.എ.ഇക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യത്യസ്ത രീതിയുമായി ഒരുകൂട്ടം പ്രവാസി മലയാളികൾ. ഷാർജ എമിറേറ്റിലൂടെ 54 കിലോമീറ്റർ ഓടിയാണ് പോറ്റുന്ന നാടിനോടുള്ള ഈ നാടിനോടുള്ള ആദരം ഇവർ പ്രകടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം അറുപതോളം പേർ പങ്കെടുത്ത ഈ കൂട്ടയോട്ടത്തിൽ 13 പേർ 54 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി. 21, 10, 5 എന്നീ വിവിധ ദൂരങ്ങൾ ഓടി മറ്റുള്ളവരും പങ്കുചേർന്നു. ഈ നാട് തരുന്ന സുരക്ഷിതത്വവും സ്വാതന്ത്ര്യവും വളരെ വിലമതിച്ചതാണെന്നും അതിനുള്ള ആദര സൂചകമായിട്ടാണ് ഈ വ്യത്യസ്തമായ രീതി തെരഞ്ഞെടുത്തതെന്നും സംഘാടകർ പറഞ്ഞു. യു.എ.ഇയുടെ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞു സ്ത്രീകളും കുട്ടികളും ആഘോഷത്തിൽ പങ്കു ചേർന്നു. ആരോഗ്യ പൂർണമായ യുവതലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ കുട്ടികളിൽ ഓട്ടം, നീന്തൽ, സൈക്ലിംഗ് തുടങ്ങിയ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുകയും ഷാർജ യൂണിവേഴ്സിറ്റി ട്രാക്ക് കേന്ദ്രീകരിച്ച് പരിശീലനം നൽകുകയും ചെയ്യുന്ന ഈ കൂട്ടായ്മ, കുട്ടികളെക്കൊണ്ട് കേക്ക് മുറിപ്പിച്ചാണ് ഈ വർഷത്തെ വാർഷിക പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഓട്ടത്തിൽ പങ്കെടുത്ത കുട്ടികൾക്ക് മെഡലുകൾ വിതരണം ചെയ്തു. യു.എ.ഇയിലെ അറിയപ്പെടുന്ന ട്രയാത്ത്ലൺ ക്ലബ്ബായ കേരള റൈഡേഴ്സിലെ കൂടി അംഗങ്ങളാണ് ഈ ഓട്ടക്കാർ. ആഘോഷ പരിപാടികൾക്ക് ഷാർജ ബുഹെയ്‌റ കോർണിഷ് സ്ട്രൈഡർസിലെ ഓട്ടക്കാരും അതിഥികളായി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."