സ്ഥാനാർഥികളില്ല: വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയിൽ പോര്
ആലപ്പുഴ: വോട്ടെടുപ്പ് കഴിഞ്ഞതോടെ വിവിധ വാർഡുകളിൽ സ്ഥാനാർഥികളെ നിർത്താത്തതിനെച്ചൊല്ലി ബി.ജെ.പിയിൽ പോര്. പ്രവർത്തനങ്ങളിലെ പാളിച്ചകളും പോരായ്മകളും ചൂണ്ടിക്കാട്ടി ഒരുവിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ചേർത്തല നഗരസഭയിലും വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളിലുമായി 17 വാർഡുകളിലും വയലാറിലെ രണ്ടു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ബി.ജെ.പിക്ക് സ്ഥാനാർഥികളില്ലായിരുന്നു. ശക്തികേന്ദ്രമായ കടക്കരപ്പള്ളിയിൽ മൂന്നു വാർഡുകളിൽ സ്ഥാനാർഥികളില്ലാതിരുന്നപ്പോൾ പട്ടണക്കാട്ട് ഏഴ് വാർഡിലാണ് സ്ഥാനാർഥികളെ നിർത്താതിരുന്നത്.
സ്ഥാനാർഥികളെ നിർത്താത്തതിൽ ബി.ജെ.പി-കോൺഗ്രസ് ഡീൽ ആരോപിച്ച് നേരത്തെ എൽ.ഡി.എഫ് നേതാക്കളടക്കം രംഗത്തുവന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരു വർഷമായി മുന്നൊരുക്കം നടത്തിയിട്ടുപോലും നല്ല വോരോട്ടമുള്ളയിടങ്ങളിൽ സ്ഥാനാർഥികളില്ലാതെ വന്നത് വലിയ നാണക്കേടായെന്നും പരാതികളിൽ പറയുന്നുണ്ട്.
കുടുംബയോഗങ്ങൾ പേരിലൊതുങ്ങുകയും കോർണർ യോഗങ്ങളൊന്നും നടക്കാതെ വരികയും ചെയ്‌തെന്നും പരാതിയിലുണ്ട്. സീറ്റ് വിഭജനത്തിൽ അതൃപ്തി ഉയർത്തി ആദ്യഘട്ടത്തിൽ തന്നെ എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് രംഗത്തുവന്നിരുന്നു. വാഗ്ദാനം ചെയ്ത സീറ്റുകൾ ബി.ഡി.ജെ.എസിന് നൽകിയില്ലെന്ന് മാത്രമല്ല, പറഞ്ഞുറപ്പിച്ച സീറ്റുകളിൽ ബി.ജെ.പി അവകാശവാദമുയർത്തിയതോടെ പിന്മാറേണ്ടിയും വന്നിരുന്നു. മത്സരിച്ച സീറ്റുകളിൽ കാലുവാരലുണ്ടായതായും ബി.ഡി.ജെ.എസ് പരാതി ഉയർത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."