ഹരിതക്കോട്ടകൾക്ക് തിളക്കമേറെ; കുത്തക കേന്ദ്രങ്ങൾ നിലനിർത്തി; വാർഡുകൾ പിടിച്ചെടുത്തു
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടകൾ ഭദ്രമാക്കി മുസ് ലിം ലീഗ് വിജയം. ലീഗിന് സ്വാധീനമുള്ള മലബാർ ജില്ലകളിൽ യു.ഡി.എഫിന്റെ വോട്ടുകൊയ്ത്തിൽ വൻ ഭൂരിപക്ഷമാണ് കരസ്ഥമാക്കിയത്. കുത്തക കേന്ദ്രങ്ങൾ നിലനിർത്തിയതോടൊപ്പം സ്വാധീന മേഖലയിൽ വാർഡുകൾ മുതൽ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകൾ പിടിച്ചെടുത്തതിലും ലീഗ് ശക്തമായി അലയടിച്ചു. മലപ്പുറത്ത് 33ൽ 33 സീറ്റും നേടി ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് കുത്തക നിലനിർത്തിയപ്പോൾ ഇതിൽ 23 സീറ്റുകളും ലീഗിന്റേതാണ്. 94 പഞ്ചായത്തുകളിൽ 90ഉം യു.ഡി.എഫ് നേടിയാണ് ഇത്തവണ മലപ്പുറത്ത് കരുത്തുകാട്ടിയത്. 12 നഗരസഭകളിൽ പൊന്നാനി ഒഴികെ മുഴുവൻ സീറ്റുകളും യു.ഡി.എഫ് നേടി. മൂന്നര പതിറ്റാണ്ടിന്റെ കുത്തക തകർത്ത് പെരിന്തൽമണ്ണ നഗരസഭ തിരിച്ചുപിടിച്ചതും നിലമ്പൂർ തിരിച്ചുപിടിച്ചതും 15 ബ്ലോക്കുകളിൽ പതിനാലിടത്ത് ഭരണവും ഒന്നിൽ സമനിലയും നേടിയെടുത്തും ലീഗ് കേന്ദ്രങ്ങളിൽ അടിത്തറ ഭദ്രമാക്കിയതാണ് തെരഞ്ഞെടുപ്പ് ഫലം.
മലബാറിലെ മറ്റു ജില്ലകളിലും മത്സര രംഗത്ത് ലീഗിന്റെ സ്വാധീനം പ്രതിഫലിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലും ശക്തമായ മുന്നേറ്റം പാർട്ടി കേന്ദ്രങ്ങളിൽ നേടാനായി. ജില്ലാ പഞ്ചായത്തിൽ മത്സരിച്ച പത്തിൽ ആറ് സീറ്റുകളിലും ലീഗ് വിജയിച്ചു. ഇടതുപക്ഷം ഭരണം നിലനിർത്തിയ ഇവിടെ പേരാമ്പ്ര ലീഗ് തിരിച്ചുപിടിച്ചു. ലീഗ് സ്വാധീന മേഖലയായ പയ്യോളി, കൊടുവള്ളി, ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലും പാർട്ടി ശക്തമായ ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് നേടിയ ശക്തമായ വിജയം ലീഗിന്റെ പിൻബലത്തിലാണ്.
കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പാർട്ടിക്കുണ്ടായിരുന്ന രണ്ട് സീറ്റുകൾ ഇത്തവണ മൂന്നായി വർധിച്ചു. ഇടതുപക്ഷം ജയിച്ച പരിയാരത്ത് 200 വോട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കണ്ണൂർ കോർപറേഷനിൽ ഭരണം നിലനിർത്തിയ യു.ഡി.എഫിന് ആറ് സീറ്റുകൾ കൂടി അധികം നേടാനായി. തളിപ്പറമ്പ്, പാനൂർ നഗരസഭകളിൽ ശക്തമായ ലീഡ് നില നിലനിർത്തിയും തളിപ്പറമ്പ് ബ്ലോക്ക് തിരിച്ചുപിടിച്ചും ലീഗ് കേന്ദ്രങ്ങൾ യു.ഡി.എഫ് പക്ഷത്ത് കരുത്തുകാട്ടി. ഗ്രാമപഞ്ചായത്തിലേക്ക് പാർട്ടി സ്വാധീന മേഖലകളിലും പുറമെ ചില ഇടത് കേന്ദ്രങ്ങളിലും ലീഗിന് ശക്തമായ വോട്ട്‌നില രേഖപ്പെടുത്തി.
കാസർകോട് ജില്ലാ പഞ്ചായത്തിലും പാർട്ടിക്ക് ശക്തമായ സ്വാധീനം ചെലുത്താനായിട്ടുണ്ട്. യു.ഡി.എഫിന്റെ ഏഴിൽ നാല് സീറ്റും മുസ് ലിം ലീഗ് പ്രതിനിധി ജയിച്ചു. മത്സരിച്ചതിൽ ഒരു സീറ്റ് നഷ്ടമായപ്പോൾ എൽ.ഡി.എഫിന്റെ ഒരു സീറ്റ് ലീഗ് പിടിച്ചെടുത്തു. ബി.ജെ.പി സ്വാധീനമുള്ള മദൂർ പഞ്ചായത്തിൽ യു.ഡി.എഫ് സീറ്റുകൾ 9 ആയി വധിച്ചു. ശക്തമായ മത്സരം നടന്ന കാഞ്ഞങ്ങാട് നഗരസഭയിൽ ലീഗ് കേന്ദ്രങ്ങൾ വ്യക്തമായ വിജയം നേടി. വലിയപറമ്പ്, ഉദുമ എന്നിവ ഇടതുപക്ഷത്തുനിന്ന് ലീഗ് തിരിച്ചുപിടിച്ചു. ലീഗ് കേന്ദ്രമായ തൃക്കരിപ്പരിൽ ഇടത് മൂന്നിലൊതുങ്ങി. പള്ളിക്കരയിൽ ഇടതുപക്ഷം ഭരണം നേടിയ സീറ്റിൽ ഭൂരിപക്ഷം നാമമാത്ര സംഖ്യയിലാണ്. ജില്ലയിൽ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ലീഗ് സ്ഥാനാർഥികൾ വിജയിച്ചത്.
വയനാട്ടിൽ മുസ് ലിം ലീഗ് ജയിച്ച സീറ്റുകളിൽ വൻഭൂരിപക്ഷമുണ്ട്. ജില്ലാ പഞ്ചായത്തിൽ മത്സരിച്ച ആറിടത്തും ജയിച്ചു. ഇതിൽ മൂന്നുപേർ എണ്ണായിരം മുതൽ അയ്യായിരത്തിന് മുകളിലായി ഭൂരിപക്ഷം നേടി. 17ൽ 15 സീറ്റുകൾ യു.ഡി.എഫിന് നേടിക്കൊടുത്തതിൽ പാർട്ടി വോട്ടുകൾ കരുത്തായി. ഭരണം നഷ്ടമായ കൽപ്പറ്റ നഗരസഭയിൽ യു.ഡി.എഫ് ജയിച്ച പതിനൊന്നിൽ ഏഴും ലീഗിന്റെ ഡിവിഷനുകളാണ്. 12 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചിരുന്നത്. നഷ്ടമായ അഞ്ച് സീറ്റിലും നാമമാത്ര വോട്ടുകൾക്കാണ് നഷ്ടമായത്. ബത്തേരിയിൽ ലീഗിന്റെ പിൻബലത്തിൽ ഇടത് നഗരസഭ യു.ഡി.എഫ് പിടിച്ചെടുത്തു. പാർട്ടി സ്വാധീനമേഖലയിലെല്ലാം മികച്ചഭൂരിപക്ഷം വയനാട്ടിൽ ലീഗിന് നേടാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."