സംസ്ഥാനത്തെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം: അപേക്ഷാ ഫോം വിതരണം നാളെ മുതൽ; ആർക്കൊക്കെ ലഭിക്കും? എങ്ങനെ അപേക്ഷിക്കാം?
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 'പ്രതിമാസ ധനസഹായ പദ്ധതിയുടെ' അപേക്ഷാ ഫോമുകൾ നാളെ (ഡിസംബർ 22) മുതൽ വിതരണം ചെയ്യും. 35 വയസ്സിന് മുകളിൽ പ്രായമുള്ള അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ലഭിക്കുന്നതാണ് ഈ പദ്ധതി.
ആരാണ് ഗുണഭോക്താക്കൾ?
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:
- പ്രായപരിധി- 35 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. 60 വയസ്സ് തികയുന്നതോടെ ഈ ആനുകൂല്യം അവസാനിക്കും.
- റേഷൻ കാർഡ്- മഞ്ഞ (AAY), പിങ്ക് (PHH) കാർഡ് ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
- താമസം- കേരളത്തിൽ സ്ഥിരതാമസക്കാരായ സ്ത്രീകൾക്കും ട്രാൻസ് വുമണുകൾക്കും പദ്ധതിയിൽ പങ്കാളികളാകാം.
- മറ്റ് പെൻഷനുകൾ- നിലവിൽ യാതൊരു വിധത്തിലുള്ള സാമൂഹ്യക്ഷേമ പെൻഷനുകളും (വിധവ, അവിവാഹിത, വികലാംഗ പെൻഷനുകൾ) ലഭിക്കാത്തവരായിരിക്കണം. സർവീസ് പെൻഷൻ, കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവ വാങ്ങുന്നവർക്കും അർഹതയുണ്ടാവില്ല.
അയോഗ്യതകൾ
കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ സ്ഥിരമോ കരാർ അടിസ്ഥാനത്തിലോ ജോലി ലഭിക്കുന്നവർക്ക് ആനുകൂല്യം ലഭിക്കില്ല.നിലവിലെ മഞ്ഞ, പിങ്ക് കാർഡുകൾ വെള്ളയോ നീലയോ ആയി മാറിയാൽ ആനുകൂല്യം റദ്ദാകും.ഗുണഭോക്താവ് മരണപ്പെട്ടാൽ അവകാശികൾക്ക് ഈ തുക ലഭിക്കില്ല.
അപേക്ഷിക്കാൻ വേണ്ട രേഖകൾ
പ്രായം തെളിയിക്കുന്നതിനായി താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം:
- ജനന സർട്ടിഫിക്കറ്റ്
- സ്കൂൾ സർട്ടിഫിക്കറ്റ്
- ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ പാസ്പോർട്ട് ഇവ ലഭ്യമല്ലാത്തവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.
ശ്രദ്ധിക്കുക
അപേക്ഷയോടൊപ്പം താൻ പദ്ധതിയുടെ എല്ലാ മാനദണ്ഡങ്ങൾക്കും ഉള്ളിലാണെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന നൽകണം. അനർഹമായി പണം കൈപ്പറ്റിയാൽ പലിശ സഹിതം തുക തിരികെ ഈടാക്കും. ഗുണഭോക്താക്കൾ എല്ലാവർഷവും കൃത്യമായി മസ്റ്ററിംഗ് നടത്തേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."