ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; കോടതിയിലേക്ക് പോകുമ്പോൾ കൂസലില്ലാതെ ചിരിച്ചും കൈവീശിയും പ്രതി; റിമാൻഡിൽ
കോഴിക്കോട്: ഗർഭിണിയായ ഭാര്യയെ അതിക്രൂരമായി മർദിക്കുകയും ഇസ്തിരിപ്പെട്ടി കൊണ്ട് ദേഹമാസകലം പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കോടഞ്ചേരി പെരുവില്ലി സ്വദേശി ഷാഹിദ് റഹ്മാനെയാണ് (28) താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
ഒരു വർഷം മുമ്പ് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഷാഹിദിനൊപ്പം ഇറങ്ങിപ്പോന്ന കൊണ്ടോട്ടി സ്വദേശിനിയായ 25-കാരിക്കാണ് ഈ ദുർഗതി ഉണ്ടായത്. ക്രൂരമായ പീഡനമുറകളാണ് യുവതി നേരിട്ടതെന്ന് പൊലിസ് പറയുന്നു. ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് യുവതിയുടെ ശരീരമാസകലം പ്രതി പൊള്ളലേൽപ്പിക്കുകയും ക്രൂരമായ മർദനമേറ്റതിന്റെ പാടുകൾ യുവതിയുടെ ശരീരത്തിലുണ്ട്. നിലവിളി പുറത്തുകേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം യുവതിയെ മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു.
ചെയ്ത ക്രൂരതയിൽ തെല്ലും കുറ്റബോധമില്ലാതെയാണ് പ്രതി കോടതിയിൽ ഹാജരായത്. പൊലിസ് വാഹനത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മാധ്യമപ്രവർത്തകരുടെ ക്യാമറയിലേക്ക് നോക്കി പരിഹാസത്തോടെ ചിരിക്കുകയും കൈവീശി കാണിക്കുകയും ചെയ്ത ഷാഹിദിന്റെ പെരുമാറ്റം ഏവരെയും ഞെട്ടിച്ചു. യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ഇയാൾ കോടതി നടപടികളെ നേരിട്ടത്.
ഇന്നലെ രാത്രി വേനപ്പാറയിൽ നിന്നാണ് പ്രതിയെ പൊലിസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് ഉച്ചയോടെയാണ് കോടതിയിൽ ഹാജരാക്കിയത്. ഗുരുതരമായി പരുക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്. ഗാർഹിക പീഡനം, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
In a shocking incident, a man was arrested for allegedly burning his pregnant wife using a heated electric iron box. Following the assault, the victim was hospitalized with significant burn injuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."