ഡല്‍ഹിയില്‍ വായു മലിനീകരണം വീണ്ടും രൂക്ഷം; ഗുണനിലവാര സൂചിക വളരെ മോശം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം വീണ്ടും രൂക്ഷം. രണ്ട് ദിവസത്തെ നേരിയ പുരോഗതിക്ക് പിന്നാലെയാണ് മലിനീകരണം വീണ്ടും രൂക്ഷമായിരിക്കുന്നത്. നഗരത്തിലെ പല പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക (AQI) 'വളരെ മോശം' വിഭാഗത്തിലേക്ക് താഴ്ന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജഹാംഗീര്‍പുരിയിലും ആനന്ദ് വിഹാറിലും എ.ക്യു.ഐ 395 ആയി രേഖപ്പെടുത്തി. അതേസമയം ലോധി റോഡ് സ്റ്റേഷനില്‍ വായു ഗുണനിലവാരം 185 എന്ന നിലയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഡല്‍ഹിയിലെ ശരാശരി എ.ക്യു.ഐ കഴിഞ്ഞ രണ്ടുദിവസമായി 250ല്‍ താഴെയായിരുന്നു. ഇന്നലെ ഇത് 234 വരെ കുറഞ്ഞിരുന്നു.
അടുത്തിടെ വായു ഗുണനിലവാരത്തില്‍ നേരിയ മെച്ചം രേഖപ്പെടുത്തിയിരുന്നു. കുറഞ്ഞ കാറ്റിന്റെ വേഗതയും കാലാവസ്ഥാ സാഹചര്യങ്ങളും മൂലം വരും ദിവസങ്ങളില്‍ മലിനീകരണ നില കൂടുതല്‍ മോശമാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. നിലവില്‍ ശരാശരി കാറ്റിന്റെ വേഗത മണിക്കൂറില്‍ 10 കിലോമീറ്ററില്‍ താഴെയാണ്.
നിയന്ത്രണങ്ങള്‍ തുടരും
മലിനീകരണ തോത് ഇപ്പോഴും ആശങ്കാജനകമാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (GRAP) പ്രകാരമുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹൈബ്രിഡ് മോഡില്‍ ക്ലാസുകള്‍ തുടരും. വാഹനങ്ങള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നിലവില്‍ തുടരും.
വായു മലിനീകരണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളും വയോധികരും ശ്വാസകോശ സംബന്ധമായ രോഗികളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."