തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ്; അട്ടിമറികളും അപ്രതീക്ഷിത കൂട്ടുകെട്ടുകളും
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പിൽ പലയിടത്തും അട്ടിമറികളും നാടകീയരംഗങ്ങളും നിറഞ്ഞു. അപ്രതീക്ഷത കൂട്ടുകെട്ടുകളും കാണാനായി. പാർട്ടിയിലെ കലഹം മൂലം തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ ജയിച്ച എല്ലാ കോൺഗ്രസ് അംഗങ്ങളും പാർട്ടിയിൽ നിന്ന് രാജിവച്ചു.രാജിവച്ച എട്ട് അംഗങ്ങൾ ബി.ജെ.പിയുമായി ചേർന്ന് ഭരണം പിടിച്ചു. പത്തനംതിട്ട കോട്ടാങ്ങലിൽ എസ്.ഡി.പി.ഐ പിന്തുണയിൽ യു.ഡി.എഫ് വിജയിച്ചെങ്കിലും പിന്തുണ നിരസിച്ച യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കോട്ടയം കുമരകത്ത് ബി.ജെ.പി-യു.ഡി.എഫ് കൂട്ടുകെട്ടിനാണ് ഭരണം.
യു.ഡി.എഫ് സ്വതന്ത്രൻ എ.പി ഗോപിക്ക് യു.ഡി.എഫും ബി.ജെ.പിയും വോട്ട് ചെയ്തതോടെ എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ടുവീതം വോട്ടുകൾ ലഭിച്ചു. വോട്ടെടുപ്പിലൂടെ യു.ഡി.എഫ്-ബി.ജെ.പി സഖ്യം അധികാരം പിടിച്ചു. പത്തനംതിട്ട അയിരൂരിൽ ബി.ജെ.പിയെ പുറത്താക്കി യു.ഡി.എഫ്-എൽ.ഡി.എഫ് കൂട്ടുകെട്ട്. സ്വതന്ത്ര സ്ഥാനാർഥി സുരേഷ് കുഴിവേലിക്കായി എൽ.ഡി.എഫും യു.ഡി.എഫും ഒന്നിച്ചതോടെ ആറ് സീറ്റ് നേടിയ വലിയ ഒറ്റകക്ഷിയായിട്ടും ബി.ജെ.പി പുറത്തായി. കണ്ണൂർ മുണ്ടേരിയിൽ 40 വർഷത്തിന് ശേഷം യു.ഡി.എഫ് ഭരണം പിടിച്ചു. എൽ.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായതോടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. എറണാകുളം പുത്തൻകരിശിൽ ട്വന്റി 20 പിന്തുണയോടെ 10 വർഷത്തിന് ശേഷം യു.ഡി.എഫ് ഭരണം പിടിച്ചു.
തിരുവാണിയൂരിൽ റെജി വർഗീസും കിഴക്കമ്പലത്ത് ജിൻസി അജിയും ഐക്കരനാട്ടിൽ പ്രസന്ന പ്രദീപും ട്വന്റി 20 ന്റെ പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് നറുക്കെടുപ്പിലൂടെയാണ് വിജയിച്ചത്. തിരുവനന്തപുരം മണമ്പൂരിൽ നറുക്കെടുപ്പിൽ യു.ഡി.എഫ് ഭരണത്തിൽ വന്നു. വടകര ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ്- ആർ.എം.പി മുന്നണി ഭരണത്തിലെത്തി. ആർ.ജെ.ഡി അംഗം മാറി വോട്ട് ചെയ്തതോടെയാണ് ജനകീയ മുന്നണി ഭരണം പിടിച്ചത്.
പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിൽ ഭരണം 60 വർഷത്തിന് ശേഷം കോൺഗ്രസിന് നഷ്ടമായി. സി.പി.എം വിമതയുടെ പിന്തുണയോടെ സി.പി.എം-ഐ.ഡി.എഫ് സംഖ്യം അധികാരം പിടിച്ചു. അഗളിയിലാണ് ശ്രദ്ധേയമായ അട്ടിമറി. യു.ഡി.എഫ് അംഗമാണ് എൽ.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റായത്. 20-ാം വാർഡ് ചിന്നപ്പറമ്പിൽ നിന്നുള്ള യു.ഡി.എഫ് അംഗം മഞ്ജുവാണ് കൂറുമാറിയത്. തനിക്ക് പാർട്ടി വിപ്പ് കിട്ടിയിരുന്നില്ലെന്നും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിച്ചെന്നും മഞ്ജു പറഞ്ഞു. പറളിയിൽ നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫ് വിജയിച്ചത്. എൽ.ഡി.എഫിലെ ഉഷാ കുമാരിയാണ് പ്രസിഡന്റ്.
കുന്നംകുളം ചൊവ്വന്നൂരിൽ എസ്.ഡി.പി.ഐ പിന്തുണയോടെ യു.ഡി.എഫ് ജയിച്ചു. ആലപ്പുഴ പുളിങ്കുന്നിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി ജോസഫ് വർഗീസ് എൽ.ഡി.എഫിനെ പിന്തുണച്ചു. ഇതോടെ പത്തു വർഷത്തിനുശേഷം എൽ.ഡി.എഫ് അധികാരത്തിലെത്തി. കാസർകോട് ഉദുമയിലും നാടകീയ നീക്കമാണ് നടന്നത്. പി.വി രാജേന്ദ്രനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. കോൺഗ്രസിലെ പടലപ്പിണക്കത്തെ തുടർന്ന് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റി. കൊല്ലം ജില്ലയിലെ അലയമൺ പഞ്ചയാത്തിൽ യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടെങ്കിലും പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായതിനാൽ മത്സരിക്കാൻ ആളില്ലാത്തതിനാൽ എൽ.ഡി.എഫിന് ഭരണം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."