16-ാം ലോക്‌സഭയുടെ 95 ശതമാനം ഫണ്ടും വിനിയോഗിച്ചു: കെ.സി വേണുഗോപാല്‍ എം.പി
ആലപ്പുഴ: 16-ാം ലോക്‌സഭയുടെ കാലയളവില്‍ ആകെ ലഭ്യമായ 7.50 കോടി രൂപയില്‍ 7.15 കോടി രൂപ ചെലവഴിച്ചതായും ഇത് ലഭ്യമായ തുകയുടെ 95 ശതമാനം ആണെന്നും കെ.സി. വേണുഗോപാല്‍ എം.പി. പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി.
വികസന ഫണ്ട് വിനിയോഗത്തില്‍ ഇത് ഗണ്യമായ പുരോഗതിയാണെന്ന് യോഗം വിലയിരുത്തി. മെച്ചപ്പെട്ട പുരോഗതിയുടെ അടിസ്ഥാനത്തില്‍ അടുത്ത ഗഡുവിന് അര്‍ഹത നേടിയതായും പ്ലാനിങ് ഓഫീസര്‍ കെ.എസ്.ലതി പറഞ്ഞു. തീരദേശ വാസികളുടെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഹൈടെക്ക് ആംബുലന്‍സ് വാങ്ങുന്നതിനും ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ കൃത്രിമ കാല്‍ഫിറ്റിങ് സെന്റര്‍ ആരംഭിക്കുന്നതിനുമായി തുക വകയിരുത്തിയിട്ടുണ്ടെന്നും ഇതിന്റെ തുടര്‍നടപടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങി നല്‍കുന്നതിന് എം.പി. ഫണ്ടില്‍ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും ഇവ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം ഒരുക്കണമെന്നും എം.പി. നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍, വിവിധ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."