മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ
മസ്‌കത്ത്: ഒമാൻ തലസ്ഥാന നഗരിയിലെ യാത്രാക്ലേശത്തിന് പരിഹാരമായി വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഭരണകൂടം. മസ്‌കത്ത് എക്‌സ്‌പ്രസ്‌വേയുടെ വിപുലീകരണം, നവംബർ 18 സ്ട്രീറ്റ് നവീകരണം എന്നിവയുൾപ്പെടെ ആകെ 363.25 ദശലക്ഷം ഒമാനി റിയാലിന്റെ കരാറുകൾക്കാണ് സാമ്പത്തിക മന്ത്രാലയം അനുമതി നൽകിയത്.
നഗരത്തിലെ പ്രധാന ഗതാഗത സിരയായ മസ്‌കത്ത് എക്‌സ്‌പ്രസ്‌വേയുടെ ശേഷി വർദ്ധിപ്പിക്കുകയും അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കുകയും ചെയ്യും. 44.94 ദശലക്ഷം റിയാലാണ് ഈ വിഭാഗത്തിലെ പ്രധാന പദ്ധതികൾക്കായി കണക്കാക്കുന്നത്.
ഇതിനുപുറമേ മസ്‌കത്തിലെ പ്രധാന വാണിജ്യ-ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന നവംബർ 18 സ്ട്രീറ്റും അൽ മൗജ് റോഡും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. തിരക്കേറിയ ഈ ഇടനാഴിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ നവീകരണം സഹായിക്കും.
സാമ്പത്തിക മന്ത്രി സയീദ് ബിൻ മുഹമ്മദ് അൽ സഖ്‌രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണ്ണായകമായ തീരുമാനം എടുത്തത്. പ്രധാന വാണിജ്യ കേന്ദ്രങ്ങളും ടൂറിസം മേഖലകളും താമസസ്ഥലങ്ങളും തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നഗരത്തിന്റെ വളർച്ചയ്ക്ക് അനുസൃതമായി ഗതാഗത ശൃംഖല ശക്തിപ്പെടുത്തുന്നത് സാമ്പത്തിക മേഖലയ്ക്കും കരുത്തേകും.
മസ്‌കത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന വിഹിതങ്ങളിലൊന്നാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും മാസങ്ങളിൽ തന്നെ ഈ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
the oman government has approved road development projects in muscat valued at 363 million riyals. these initiatives aim to improve traffic flow, enhance connectivity, and support sustainable urban growth, reflecting the country’s commitment to modern infrastructure expansion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."