അടിവസ്ത്രം മാറ്റി പ്രതിയെ രക്ഷിക്കാൻ ശ്രമം; അട്ടിമറി കണ്ടെത്തിയത് സി.ഐ ജയമോഹൻ, അന്വേഷണത്തിന് കരുത്തുപകർന്നത് സെൻകുമാർ
തിരുവനന്തപുരം: പ്രതിഭാഗത്തിന്റെ വഴിവിട്ട നീക്കങ്ങളിലൂടെ വിവാദമായ കേസിൽ പ്രതിയെയും തട്ടിപ്പുനടത്തിയ ജൂനിയർ അഭിഭാഷകനെയും കോടതി ക്ലർക്കിനെയും കൂട്ടിലാക്കാനുള്ള നിർണായക നീക്കം നടത്തിയത് ഡി.ജി.പിയായിരുന്ന സെൻകുമാറും അന്വേഷണ ഉദ്യോഗസ്ഥൻ സി.ഐ ജയമോഹനും ചേർന്ന്.
പൊലിസ് തൊണ്ടിയായി കണ്ടെത്തിയ അടിവസ്ത്രം പ്രതിക്ക് ചേരാതെ വന്നതോടെ കോടതി പ്രതിയെ വിട്ടെങ്കിലും അട്ടിമറി നടന്നെന്നു മനസിലാക്കി കോടതിയോട് അക്കാര്യം അന്വേഷണോദ്യോഗസ്ഥൻ തുറന്നു പറയുകയായിരുന്നു. തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന അന്വേഷണോദ്യോഗസ്ഥന്റെ ഗുരുതര ആരോപണം കോടതി മുഖവിലയ്‌ക്കെടുത്ത് വിജിലൻസിനോട് അന്വേഷിക്കാൻ നിർദേശിച്ചു. ഇതു കോടതിക്കുള്ളിൽ നടന്ന തിരിമറി ആകാം എന്ന നിഗമനത്തിലാണ് പൊലിസ് അന്വേഷണം ആവശ്യപ്പെട്ടത്.
പിന്നീട് കോടതി നിർദേശപ്രകാരം വഞ്ചിയൂർ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. ഒരു ഘട്ടത്തിൽ മന്ദഗതിയിലായ കേസ് പിന്നീട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിർദേശപ്രകാരം സെൻകുമാറിന്റെ നേതൃത്വത്തിൽ പുനരുജ്ജീവിപ്പിച്ചാണ് കുറ്റപത്രം നൽകിയത്.
അട്ടിമറി അപ്പോൾ തന്നെ മനസിലായി: കെ.കെ ജയമോഹൻ
പ്രതി മയക്കുമരുന്നു കടത്തിയ അടിവസ്ത്രം ഊരിവാങ്ങിയിരുന്നത് വിചാരണസമയത്തു അയാൾക്കു ചേരാതെ വന്നപ്പോൾ തന്നെ തൊണ്ടിമുതലിൽ അട്ടിമറി നടന്നെന്ന് മനസ്സിലായെന്നു അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.കെ ജയമോഹൻ. ആന്റണി രാജുവും അന്ന് കോടതി ക്ലർക്കായിരുന്ന ജോസും കുറ്റക്കാരാണെന്നു കോടതി വിധിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ജയമോഹന്റെ പ്രതികരണം.
കേസിൽ പ്രധാന തെളിവായിരുന്ന അടിവസ്ത്രം പ്രതിയെ ധരിപ്പിച്ചുനോക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രജിസ്ട്രാർ പരിശോധിച്ച് പ്രതിക്ക് അടിവസ്ത്രം ചേരുന്നില്ലെന്നു പറഞ്ഞു. ഇതാണ് പ്രതിയെ കുറ്റമുക്തനാക്കാൻ കാരണമായത്. എന്നാൽ അട്ടിമറി മനസിലായതോടെ പിൻമാറാൻ കൂട്ടാക്കാതെ വിജിലൻസിൽ താൻ പരാതി നൽകുകയായിരുന്നു.
Former DGP Senkumar and CI Jayamohan played a crucial role in exposing a controversial case involving a junior lawyer and a court clerk, leading to their arrest
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."