മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തല്‍, പീഡനവിവരം ദിവസങ്ങളോളം മറച്ചുവെച്ചു
പാലക്കാട്: മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി സപെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പീഡനവിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ വിവരം ദിവസങ്ങളോളം മറച്ചുവെച്ചുവെന്നും പൊലിസ് എത്തിയപ്പോഴാണ് ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബര്‍ 18 നാണ് വിദ്യാര്‍ഥി സഹപാഠിയോട് പീഡനവിവരം വെളിപ്പെടുത്തിയത്. അന്നേ ദിവസം തന്നെ സ്‌കൂള്‍ അധികൃതര്‍ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍, സംഭവം പൊലിസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാന്‍ വൈകിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍.
പീഡന വിവരം മറച്ചുവെച്ചതിനും അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമടക്കം സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകും. സ്‌കൂളിലെ പ്രധാനാധ്യാപകന്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരോട് ഡി.വൈ.എസ്.പി ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കും. ഇവരെ വിശദമായ ചോദ്യം ചെയ്തതിനുശേഷം കേസെടുക്കുമെന്നാണ് വിവരം,
മലമ്പുഴയിലെ സ്‌കൂള്‍ അധ്യാപകനായ അനിലാണ് ഇന്നലെ അറസ്റ്റിലായത്. ഇക്കഴിഞ്ഞ നവംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അധ്യാപകന്റെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ചാണ് വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയത്. വിദ്യാര്‍ഥി സഹപാഠിയോട് ഇക്കാര്യം തുറന്നുപറയുകയായിരുന്നു. പോക്‌സോ വകുപ്പിന് പുറമെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."