സഊദിയിലേക്കുള്ള വിസിറ്റിംഗ് വിസകളുടെ കാലാവധി 30 ദിവസമാക്കി കുറച്ചു
റിയാദ്: സഊദിയിൽ ഫാമിലി വിസിറ്റിംഗ് വിസ ഉൾപ്പെടെ മുഴുവൻ സന്ദർശക വിസകളുടെയും കാലാവധി 30 ദിവസമാക്കി കുറച്ചു. ഹജ്ജിനു മുന്നോടിയായി ആയാണ് പുതിയ തീരുമാനമെന്നാണ് വിവരം. തിങ്കളാഴ്ച മുതൽ സ്റ്റാമ്പ് ചെയ്ത വിസകളിൽ സഊദിയിൽ നിൽക്കാനുള്ള സമയപരിധി ഒരു മാസം മാത്രമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സഊദിയിൽ ജോലിയിൽ കഴിയുന്നവരുടെ ഫാമിലികൾക്കുള്ള സന്ദർശക വിസ കൂടാതെ, ടൂറിസം, ബിസിനസ് വിസ ഉൾപ്പെടെ മുഴുവൻ സന്ദർശക വിസകളുടെയും കാലാവധിയും ഒരു മാസം മാത്രമാക്കി കുറച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ പ്രവാസികൾ പൊതുവെ ഉപയോഗിക്കുന്ന കുടുംബ സന്ദർശക വിസകൾ നിലവിൽ 90 ദിവസം കാലാവധിയിൽ ആയിരുന്നു ലഭിച്ചിരുന്നത്. വിസ സ്റ്റാമ്പ് ചെയ്ത് ഒരു മാസത്തിനുള്ളിൽ സഊദിയിൽ ഇറങ്ങിയാൽ 90 ദിവസം വരെ നിൽക്കാൻ പറ്റുമായിരുന്നു. തുടർന്ന് വീണ്ടും പല തവണകൾ പുതുക്കാനും സാധിച്ചിരുന്നു. എന്നാൽ, നിലവിൽ ലഭ്യമായ വിസകളിൽ വെറും 30 ദിവസം മാത്രമാണ് സഊദിയിൽ നിൽക്കാനുള്ള അനുമതി. അത് കഴിയുന്നതോടെ പുതുക്കി ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഹജ്ജിന് മുന്നോടിയായി സന്ദർശക വിസകളിൽ സാധാരണ സഊദി അറേബ്യ പല വിധത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ട് വരാറുണ്ട്. സമാനമായാണ് ഇപ്പോഴത്തെ നടപടിയുമെന്നാണ് കരുതാനാകുക. അവസാന പ്രവേശന മടക്ക തിയതി ഉൾപ്പെടെ ഉംറ വിസയിൽ നേരത്തെ തന്നെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."