ആപ്പിള്‍ കഴിക്കാറുണ്ടോ? പല്ലുകളുടെ ആരോഗ്യത്തിന് ഈ കാര്യങ്ങള്‍ മറക്കരുത്
ആപ്പിള്‍ പലരുടെയും ദിവസേനയുള്ള ഭക്ഷണശീലങ്ങളുടെ ഭാഗമാണ്. നേരിട്ട് കഴിക്കുന്നവരും ജ്യൂസ് ആക്കി കുടിക്കുന്നവരും ഏറെയാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ നിന്ന് ചര്‍മ്മാരോഗ്യം വരെ, ആപ്പിളില്‍ അടങ്ങിയ പോഷകങ്ങള്‍ ശരീരത്തിന് ഗുണം ചെയ്യുന്നവയാണ്. എന്നാല്‍ ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍, ഈ ആരോഗ്യകരമായ ഫലം പല്ലുകളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകാനും സാധ്യതയുണ്ട്.
ആപ്പിളില്‍ അടങ്ങിയ മാലിക് ആസിഡ് പല്ലുകളുടെ പുറംപാളിയായ ഇനാമലിനെ ക്രമേണ ദുര്‍ബലമാക്കും. ഇനാമല്‍ നശിച്ചാല്‍ പല്ലുകള്‍ക്ക് പെട്ടെന്ന് പോടുകള്‍ വരുകയും ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ രൂപപ്പെടുകയും ചെയ്യാം. ഇതോടൊപ്പം, ആപ്പിളില്‍ ഉള്ള സ്വാഭാവിക പഞ്ചസാരയും മറ്റൊരു പ്രശ്‌നമാണ്. പ്രത്യേകിച്ച് ആപ്പിള്‍ ജ്യൂസ് ആയി കുടിക്കുമ്പോള്‍, ഈ പഞ്ചസാര വായില്‍ കൂടുതല്‍ നേരം തങ്ങി നില്‍ക്കും.

വായിലുള്ള ബാക്ടീരിയകള്‍ ഈ പഞ്ചസാരയെ വിഘടിപ്പിച്ച് കൂടുതല്‍ ആസിഡ് ഉത്പാദിപ്പിക്കും. ഇതിലൂടെ പല്ലുകളുടെ ഇനാമല്‍ വീണ്ടും വീണ്ടും ആക്രമിക്കപ്പെടുന്നു. അമിതമായി ആപ്പിള്‍ ജ്യൂസ് ഉപയോഗിക്കുന്നവരില്‍ ദന്തരോഗങ്ങള്‍ കൂടുതലായി കണ്ടെത്തിയിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് പോര്‍ട്‌സ്മൗത്തും യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സും ചേര്‍ന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നു.
ആപ്പിള്‍ ജ്യൂസ് കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ആപ്പിള്‍ ജ്യൂസ് പതിയെ സിപ്പ് ചെയ്‌തോ ഇടവേളകളെടുത്തോ കുടിക്കാതിരിക്കുക
വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് കുടിക്കുന്നത് നല്ലതാണ്

സ്‌ട്രോ ഉപയോഗിക്കുന്നത് ജ്യൂസ് പല്ലുകളുമായി നേരിട്ട് സ്പര്‍ശിക്കുന്നത് കുറയ്ക്കുന്നതാണ്
ജ്യൂസ് കുടിച്ച ഉടന്‍ തന്നെ ശുദ്ധജലം ഉപയോഗിച്ച് വായ കഴുകുക
പല്ലില്‍ ഒട്ടിപ്പിടിക്കുന്ന പഞ്ചസാരയും ആസിഡും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും
ആപ്പിള്‍ എങ്ങനെ സൂക്ഷിക്കണം?
ആപ്പിള്‍ വാങ്ങിയ ശേഷം അതേ കവറില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് പകരം, ഓരോ ആപ്പിളും വേര്‍ തിരിച്ച് കടലാസില്‍ പൊതിഞ്ഞ ശേഷം ചെറു കൂടയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇങ്ങനെ ചെയ്താല്‍ ആപ്പിളുകള്‍ കൂടുതല്‍ ദിവസം ഫ്രഷ് ആയി നിലനില്‍ക്കുകയും വേഗത്തില്‍ കേടുകൂടാതെ ഇരിക്കുകയും ചെയ്യും.
അതായത്, ആപ്പിള്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും അത് എങ്ങനെ കഴിക്കണം, എങ്ങനെ സൂക്ഷിക്കണം എന്നതില്‍ ശ്രദ്ധിച്ചാല്‍ മാത്രമേ പൂര്‍ണ ഗുണം ലഭിക്കൂ. ചെറിയ ശീലങ്ങള്‍ കൊണ്ട് തന്നെ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ദന്തപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കഴിയും.
Apples are widely consumed for their health benefits, whether eaten whole or as juice, but improper consumption can affect dental health. Apples contain malic acid, which can weaken tooth enamel, and natural sugars that encourage bacteria in the mouth to produce harmful acids—especially when consumed as juice. Studies have shown that excessive apple juice intake may increase the risk of dental problems. To reduce damage, apple juice should be diluted, consumed quickly rather than sipped, taken with a straw, and followed by rinsing the mouth with water. Proper storage of apples also helps maintain freshness and quality.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."