വീണ ജോർജിനെയും ജനീഷിനെയും സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ച ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് വിശദീകരണം തേടി നേതൃത്വം
തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്നേ സ്വയം സ്ഥാനാർഥികളെ പ്രഖ്യാപിച്ച ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് വിശദീകരണം തേടി സിപിഎം സംസ്ഥാന നേതൃത്വം. ഏതു ഘടകത്തിൽ ചർച്ച ചെയ്തിട്ടാണ് പ്രഖ്യാപനമെന്ന് രാജു എബ്രഹാമിനോട് നേതൃത്വത്തിന്റെ ചോദ്യം. സംസ്ഥാന കമ്മിറ്റിക്കു മുൻപേ ജില്ലാ സെക്രട്ടറി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ സംഭവം നേതൃത്വത്തിന് തിരിച്ചടിയാണ്. ചർച്ചകൾക്കു മുൻപ് സെക്രട്ടറി മാധ്യമങ്ങളുമായി സംസാരിച്ചതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട്.
പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ്, കെ.യു.ജനീഷ്കുമാർ എംഎൽഎ എന്നിവർ വീണ്ടും മത്സരിക്കുമെന്നായിരുന്നു രാജു എബ്രാഹിമിന്റെ പ്രഖ്യാപനം. നിലവിൽ ആറൻമുളയിലെ എംഎൽഎയാണ് വീണ ജോർജ്. ജനീഷ്കുമാർ കോന്നിയിലെ എംഎൽഎയുമാണ്. പത്തനംതിട്ട ജില്ലയിലെ ആകെയുള്ള അഞ്ച് മണ്ഡലങ്ങളിൽ ബാക്കി മൂന്നിടത്തും എൽഡിഎഫ് എംഎൽഎമാർ തന്നെയാണുള്ളത്.
ആറന്മുള, കോന്നി മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികൾ തുടരും എന്ന പ്രതീക്ഷ മാത്രമാണ് രാജു എബ്രഹാം പങ്കുവച്ചതെന്നാണ് പ്രാദേശിക നേതൃത്വം വിഷയത്തിൽ പറയുന്നത്. മുന്നണി തലത്തിൽ എൽഡിഎഫ് ഔദ്യോഗികമായി സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ലാത്ത അവസ്ഥയിൽ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്വയം പ്രഖ്യാപനം നടത്തുന്നത് എൽഡിഎഫ് മുന്നണിയെയും ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."