എ.കെ ശശീന്ദ്രനും തോമസ് കെ. തോമസും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു; എൻ.സി.പി (എസ്) യോഗം ബഹളത്തിൽ കലാശിച്ചു
കൊച്ചി: സ്ഥാനാർഥി നിർണയത്തിലെ തർക്കം രൂക്ഷമായതോടെ എൻ.സി.പി (എസ് ) സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ബഹളത്തിൽ കലാശിച്ചു. ദേശീയ വർക്കിങ് പ്രസിഡന്റ് പി.സി ചാക്കോ യോഗത്തിനിടയിൽ ഇറങ്ങിപ്പോവുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ എം.എൽ.എമാരായ മന്ത്രി എ.കെ ശശീന്ദ്രൻ എലത്തൂരിലും സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ് കുട്ടനാട്ടിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഉച്ചയ്ക്ക് ശേഷം ചേർന്ന സെഷൻ ബഹളത്തിൽ കലാശിച്ചത്. ദേശീയ പ്രസിഡന്റ് ശരത് പവാർ നിലവിലെ എം.എൽ.എമാർ അവരുടെ മണ്ഡലങ്ങളിൽ തന്നെ മത്സരിക്കാൻ നിർദേശിച്ചതായി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ് യോഗത്തെ അറിയിച്ചതോടെയാണ് എതിർത്തുകൊണ്ട് നേതാക്കൾ രംഗത്തെത്തിയത്.
10 വർഷം തുടർച്ചയായി മന്ത്രിയും 30 വർഷത്തോളം എം.എൽ.എയുമായ എ.കെ ശശീന്ദ്രൻ പുതുമുഖങ്ങൾക്ക് അവസരം നൽകാൻ മാറിനിൽക്കണമെന്നും എലത്തൂരിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റും എൽ.ഡി.എഫ് ജില്ലാ കൺവീനറുമായ മുക്കം മുഹമ്മദിന് അവസരം നൽകണമെന്നും ആവശ്യം ഉയർന്നു. എട്ട് തവണ മത്സരിക്കുകയും ആറ് തവണ വിജയിക്കുകയും ചെയ്ത 80 വയസ് കഴിഞ്ഞ ശശീന്ദ്രൻ എലത്തൂരിൽ നാലാം തവണയും മത്സരിക്കുന്നത് നീതികരിക്കാൻ കഴിയില്ലെന്നും പിളർപ്പോടെ ദുർബലമായ പാർട്ടിയെ കൂടുതൽ ദൂർബലമാക്കുമെന്നും മുക്കം മുഹമ്മദിനെ അനുകൂലിച്ചു സംസാരിച്ച കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ശശീന്ദ്രന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച മുക്കം മുഹമ്മദ് രാജി സന്നദ്ധത യോഗത്തെ അറിയിക്കുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസിന്റെ പ്രവർത്തനങ്ങളിലുള്ള അതൃപ്തിയും നേതാക്കൾ പ്രകടിപ്പിച്ചു. പി.സി ചാക്കോയുടെ കൈയിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് പദവി പിടിച്ചുവാങ്ങിയ ശേഷം സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി യാതൊന്നും ചെയ്തില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പി എസിന്റെ പ്രകടനം മോശമായത് നേതൃത്വത്തിന്റെ പരാജയമാണെന്നും വിമർശനം ഉയർന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ 2020ൽ 46 സീറ്റിൽ വിജയിക്കാൻ കഴിഞ്ഞ എൻ.സി.പി എസിന് 25 സീറ്റുകൾ മാത്രമേ സംസ്ഥാനതലത്തിൽ നേടാൻ കഴിഞ്ഞുള്ളൂ. മാത്രമല്ല, മുൻകാലങ്ങളിൽ മത്സരിച്ച സീറ്റുകളിൽ ഗണ്യമായ കുറവ് വന്നതും നേതാക്കൾ ചൂണ്ടിക്കാട്ടി. ഇടതുമുന്നണിയിൽ അർഹമായ സീറ്റ് നേടുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. എലത്തൂരിനും കുട്ടനാടിനും പുറമേ എൻ.സി.പിക്ക് ലഭിച്ചിരുന്ന കോട്ടക്കൽ സീറ്റ് എൻ.സി.പി പിളർന്നതോടെ സി.പി.എം തിരിച്ചെടുക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ എം.എൽ.എമാരിൽ സീനിയറായ എ.കെ ശശീന്ദ്രൻ മാറിനിൽക്കണമെന്നാണ് യോഗത്തിൽ ഉയർന്ന ആവശ്യം. എൻ.സി.പി നേതൃസ്ഥാനത്ത് നിന്ന് തോമസ് കെ തോമസ് മാറണമെന്നും പി.സി ചാക്കോ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വീണ്ടും മത്സരിക്കാൻ അഭിപ്രായഭിന്നതകൾ മറന്ന് ഒരുമിച്ച ഇരുനേതാക്കൾക്കുമെതിരേ ഒരുവിഭാഗം നേതാക്കൾ ബഹളംവച്ച് മുന്നിലേക്ക് വന്നതോടെയാണ് യോഗം പിരിച്ചുവിട്ടത്. സംസ്ഥാന ഘടകത്തിലെ ഭിന്നത രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മൂന്ന് നേതാക്കളെയും ശരത് പവാർ മുംബൈയിലേക്ക് വിളിപ്പിക്കുകയും നേതൃതലത്തിൽ അഴിച്ചുപണി വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ താൽപര്യം അറിയിക്കുകയും ചെയ്തിരുന്നു.
n.c.p (s) state executive meeting turned chaotic over candidate selection, with p.c. chacko walking out after announcements on mla contesting seats.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."