ട്രംപ് അഹങ്കാരി, ഉടൻ അധികാരത്തിൽ നിന്ന് തെറിക്കും: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയെന്ന് ആയത്തുള്ള ഖാംനഈ
തെഹ്‌റാൻ: ഇറാനിൽ ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷവിമർശനവുമായി പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈ. ട്രംപിനെ "അഹങ്കാരി" എന്നും ഖാംനഈ വിശേഷിപ്പിച്ചു. അധികം വൈകാതെ തന്നെ ട്രംപ് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്നും ആയത്തുള്ള ഖംനഈ പ്രവചിച്ചു.
ട്രംപിന്റെ കൈകളിൽ ഇറാൻകാരുടെ രക്തം പുരണ്ടിരിക്കുകയാണെന്ന് ആയത്തുള്ള ഖാംനഈ ആരോപിച്ചു. സ്വന്തം രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ട്രംപിന് തിരിച്ചടിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്കയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് പ്രതിഷേധക്കാർ തെരുവുകളിൽ നാശനഷ്ടങ്ങൾ വരുത്തുന്നത്. സ്വന്തം രാജ്യത്തെ നശിപ്പിക്കുന്ന ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്നും ഖാംനഈ പറഞ്ഞു. പ്രക്ഷോഭം രാജ്യവ്യാപകമായതോടെ ഇറാൻ സർക്കാർ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്റർനെറ്റ് സേവനങ്ങളും അന്താരാഷ്ട്ര ഫോൺ വിളികളും ഭാഗികമായി തടഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയാണ് ഇറാനെ പിടിച്ചുകുലുക്കുന്നത്. ഡോളറിനെതിരെ ഇറാനിയൻ റിയാലിന്റെ മൂല്യം ഇടിയുകയും നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുകയും ചെയ്തതോടെ ഡിസംബർ 28-ന് തെഹ്‌റാനിൽ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ 31 പ്രവിശ്യകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. തുടക്കത്തിൽ വിലക്കയറ്റത്തിന് എതിരെയായിരുന്നു പ്രക്ഷോഭമെങ്കിലും പിന്നീട് അത് ഖംനഈ വിരുദ്ധ പ്രക്ഷോഭമായി മാറി. ഇറാനെതിരേ യു.എസ്സും മറ്റ് പടിഞ്ഞാറൻ രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തുന്നതാണ്, റിയാലിന്റെ മൂല്യം ഇടിയാനുള്ള കാരണം.
പടിഞ്ഞാറൻ രാജ്യങ്ങളുടെ പ്രതിനിധിയായിരുന്ന ഇറാൻ മുൻ ഭരണാധികാരി ഷാ പെഹ്ലവിയുടെ മകനെ മുന്നിൽ നിർത്തി ഇസ്‌റാഈലിന്റെയും യു.എസിന്റെയും പിന്തുണ ഇപ്പോഴത്തെ പ്രക്ഷോഭങ്ങൾക്കുണ്ടെന്ന റിപ്പോർട്ട് ശക്തമാണ്.
ആദ്യഘട്ടം മുതൽ തന്നെ ഇറാനിലെ പ്രതിഷേധക്കാരെ ട്രംപ് പിന്തുണച്ചിരുന്നു. പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ് ഉണ്ടായാൽ അമേരിക്ക ഇടപെടും എന്ന ട്രംപിന്റെ പ്രസ്താവന പ്രക്ഷോഭത്തിന് കൂടുതൽ കരുത്ത് പകർന്നു. ഇറാൻ ഭരണകൂടത്തിന്റെ പരാജയത്തിന് കാരണം ഖംനഈ ആണെന്നും അദ്ദേഹം പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. എന്നാൽ, അമേരിക്കയുടെ ഇത്തരം ഇടപെടലുകൾ തങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും ആഭ്യന്തര കാര്യങ്ങളിൽ കടന്നുകയറിയാൽ ശക്തമായി നേരിടുമെന്നുമാണ് ഇറാൻ ട്രംപിന് നൽകുന്ന മുന്നറിയിപ്പ്.
Anti-government protests have intensified across 31 provinces in Iran, fueled by a severe economic crisis and the rapid devaluation of the Iranian Rial. In a defiant speech, Supreme Leader Ayatollah Ali Khamenei labeled U.S. President Donald Trump as "arrogant" and accused him of inciting the unrest, claiming Trump has the "blood of Iranians on his hands."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."