ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ; ഭീഷണിയുമായി ട്രംപ്
വാഷിങ്ടൺ: ഇറാന് നേരെ സൈനിക നടപടികളുണ്ടാകുമെന്ന ഭീഷണിക്ക് പിന്നാലെ പുതിയ താക്കീതുമായി വീണ്ടും അമേരിക്ക. ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ ഇറാനുമായി വ്യാപാരത്തിലേർപ്പെടുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതുതായി മുന്നോട്ട് വെച്ച ഭീഷണി.
'ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുമായി നടത്തുന്ന ഏതൊരു ബിസിനസിനും 25% തീരുവ നൽകേണ്ടിവരും. ഈ നടപടി ഉടൻ പ്രാബല്യത്തിൽ വരും,'' ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ യുഎസ് പ്രസിഡന്റ് പറഞ്ഞു. 'ഈ ഉത്തരവ് അന്തിമവും നിർണായകവുമാണ്,'' കൂടുതൽ വിശദാംശങ്ങൾ നൽകാതെ ട്രംപ് പറഞ്ഞു.
ആ രാജ്യങ്ങളിൽ നിന്നുള്ളസാധനങ്ങൾ ഇറക്കുമതി ചെയ്യുന്നവരാണ് യുഎസിന് താരിഫ് നൽകുന്നത്. വർഷങ്ങളായി ഇറാന് വാഷിങ്ടൺ കനത്ത ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ട്രേഡിങ് ഇക്കണോമിക്‌സ് സാമ്പത്തിക ഡാറ്റാബേസിന്റെ കണക്കനുസരിച്ച് ചൈന, തുർക്കി, യുഎഇ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇറാന്റെ പ്രധാന വ്യാപാര പങ്കാളികൾ. ഇവരെയെല്ലാം ട്രംപിന്റെ പുതിയ ഉത്തരവ് പ്രതികൂലമായി ബാധിക്കും.
ഇറാന് നേരെ ആക്രമണ ഭീഷണിയും മുന്നറിയിപ്പും ആവർത്തിച്ചും യുഎസ് രംഗത്തെത്തിയിരുന്നു. ഇറാൻ ഭരണകൂടത്തിനെതിരെ ശക്തമായ സൈനിക നടപടി പരിഗണനയിലാണെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇറാൻ ചർച്ചകൾക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില നടപടികൾ വേണ്ടി വരുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇറാനെതിരെ പരിഗണനയിലുള്ള വിവിധ നീക്കങ്ങളിൽ ഒന്ന് വ്യോമാക്രമണമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും പറഞ്ഞിരുന്നു.
അതേസമയം, ഭീഷണിക്കെതിരെ ഇറാൻ തിരിച്ചടിച്ചു. യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അടിച്ചേൽപ്പിച്ചാൽ ഏതറ്റം വരെയും തിരിച്ചടിക്കുമെന്നുമാണ് ഇറാന്റെ മറുപടി.
രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്കു പിന്നിൽ അമേരിക്കയും പുറംശക്തികളുമാണെന്ന്? ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞു. സമാധാനപരമായ പ്രതിഷേധങ്ങളെ രക്തരൂക്ഷിതമാക്കി മാറ്റിയതിനു പിന്നിൽ ഈ ശക്തികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുദ്ധത്തിനും ചർച്ചയ്ക്കും തയാർ: ഇറാൻ
തെഹ്റാൻ: ഇറാനിൽ യു.എസിന് സൈനിക അധിനിവേശം നടത്താൻ അവസരമൊരുക്കിയാൽ പ്രക്ഷോഭം രക്തരൂഷിതമാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചിയുടെ മുന്നറിയിപ്പ്. ഇപ്പോഴത്തെ കലാപം പൂർണമായി നിയന്ത്രണ വിധേയമാണെന്നും വിദേശ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ അരഗാച്ചി പറഞ്ഞു.
ഇറാനിൽ സൈനിക അധിനിവേശം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ ഭീകരർക്ക് സുരക്ഷാ സേനയെയും പ്രക്ഷോഭകരെയും ആക്രമിക്കാൻ ഇടനൽകും. തങ്ങൾ യുദ്ധത്തിനും ചർച്ചയ്ക്കും തയാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാർക്ക് കൈമാറിയ ആയുധങ്ങളുടെ ദൃശ്യങ്ങൾ ഇറാന്റെ പക്കലുണ്ട്. പിടിയിലായവരുടെ കുറ്റസമ്മതം ഉൾപ്പെടെ അധികൃതർ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തിന് പിന്നിൽ പൂർണമായും വിദേശ ഏജന്റുമാരുടെ കരങ്ങളാണ്. അവരാണ് പ്രക്ഷോഭകർക്ക് നിർദേശവും ഇന്ധനവും പകരുന്നത്. ഇത്തരം ആളുകളെ രാജ്യം വേട്ടയാടി പിടിക്കുമെന്ന് അരഗാച്ചി പറഞ്ഞു.
ഇറാനിലെ പ്രക്ഷോഭം മൂന്നാമത്തെ ആഴ്ചയിലേക്ക് നീങ്ങുകയാണ്. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ആദരസൂചകമായി ഇറാൻ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറാന്റെ അർധ സർക്കാർ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് അനുസരിച്ച് 109 സുരക്ഷാ സേനാംഗങ്ങൾ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട പ്രക്ഷോഭകരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. എന്നാൽ പ്രക്ഷോഭത്തിൽ ഇതുവരെ 540 പേർ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. ഇറാനിലെ പ്രക്ഷോഭത്തിനെതിരായ നടപടിയിൽ 648 പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്.
അതേസമയം, ഇറാൻ ചർച്ചയ്ക്ക് തയാറാണെന്ന് തങ്ങളോട് പറഞ്ഞതായും അതു പരിഗണിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എയർഫോഴ്സ് വണ്ണിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ച് ഇറാൻ പ്രതികരിച്ചിട്ടില്ല. പ്രക്ഷോഭകർ ഉന്നയിക്കുന്ന വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാൻ അറിയിച്ചിരുന്നു.
donald trump has issued a warning to impose a 25 percent tariff on countries that continue trade relations with iran, intensifying global trade and diplomatic tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."