'കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ...' പൊതുവേദിയില്‍ വീണ്ടും സുരേഷ്‌ഗോപിയുടെ അധിക്ഷേപ പരാമര്‍ശം
കൊച്ചി: പൊതുവേദിയില്‍ അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും തൃശൂര്‍ എം.പി സുരേഷ് ഗോപി. എയിംസ് കേരളത്തിലേക്ക് ഉറപ്പായും വരുമെന്ന അവകാശവാദത്തിനിടെയാണ് സംഭവം. ആരുടെയും പേരെടുത്ത് പറയാതെയാണ് 'കേരളത്തില്‍ എയിംസ് വരും, മറ്റേ മോനേ..' എന്ന് സുരേഷ് ഗോപി പറഞ്ഞത്. തൃപ്പൂണിത്തുറ എന്‍എം ഹാളില്‍ ബിജെപി സംഘടിപ്പിച്ച 'വികസിത തൃപ്പൂണിത്തുറയ്ക്കായ്' യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
കേരളത്തിലേക്ക് എയിംസ് വരുമെന്ന് പറയുമ്പോള്‍ പലരും അങ്കലാപ്പിലാകുന്നുണ്ടെന്നും പുച്ഛിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുച്ഛിക്കുന്നവര്‍ അത് ചെയ്യട്ടേ, അത് അവരുടെ ഡി.എന്‍.എയാണ്. പി.ഒ.എസ് മെഷീനെ കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ ആളുകളുടെ പച്ചക്കറി മാര്‍ക്കറ്റില്‍ വരെ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വരുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞപ്പോള്‍ രാജ്യസഭയില്‍ നിന്നുകൊണ്ട് വലിയ സാമ്പത്തിക വിദഗ്ധന്‍, സുപ്രിം കോടതിയിലെ വലിയ വക്കീല്‍ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് നിങ്ങള്‍ കണ്ടതല്ലേയെന്നും അദ്ദേഹം പറഞ്ഞു. എവിടെ സ്ഥാപിച്ചാലും സംസ്ഥാനത്തിന് അര്‍ഹമായ ഈ വലിയ മെഡിക്കല്‍ കേന്ദ്രം ലഭിക്കുമെന്നത് ഉറപ്പാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
എയിംസ് സ്ഥാപിക്കുന്നതിനായി അഞ്ച് ജില്ലകള്‍ നിര്‍ദ്ദേശിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍, വികസന കാര്യങ്ങളില്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ല എന്ന നിലയില്‍ ആലപ്പുഴയ്ക്ക് എയിംസിനായി മുന്‍ഗണന നല്‍കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് പരിഗണിക്കേണ്ടത് തൃശ്ശൂര്‍ ജില്ലയെ ആയിരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശ്ശൂരിന് എയിംസ് നല്‍കുന്നതാണ് നീതിയെന്നും അദ്ദേഹം വ്യക്തമാക്കി.
Thrissur MP Suresh Gopi has once again sparked controversy with a sarcastic remark made during a public event while asserting that AIIMS will definitely be established in Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."