നട്ടെല്ല് 'വളയ്ക്കുന്നു' പുതുതലമുറ; സ്മാർട്ട് ഫോൺ ഉപയോഗം 'നെക്ക് സിൻഡ്ര'ത്തിന് കാരണമാകുന്നതായി കണ്ടെത്തൽ
തിരുവനന്തപുരം: ജെൻസി എന്നൊക്കെ വിളിച്ച് പുതുതലമുറയെ പുകഴ്ത്തുന്നതിരിക്കട്ടെ, അവർ നേരിടുന്ന അതിഗുരുതര ആരോഗ്യ പ്രതിസന്ധിയിലേക്ക് വിരൽചൂണ്ടുകയാണ് ആരോഗ്യവിദഗ്ധർ. അമിതമായ സ്മാർട്ട്‌ഫോൺ ഉപയോഗം കാരണം യുവജനങ്ങളിൽ നട്ടെല്ലിന് രൂപമാറ്റം സംഭവിക്കുന്നതായാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നട്ടെല്ല് രോഗ വിദഗ്ധരുടെ യോഗത്തിൽ വെളിപ്പെട്ടത്. 'ദി നെക്ക് സിൻഡ്രം' എന്ന് അവർ വിളിക്കുന്ന ഈ ആരോഗ്യപ്രശ്‌നം പ്രായമേറുന്നതോടെ അതിഗുരുതരാവസ്ഥയ്ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
മുൻ കാലത്തെ അപേക്ഷിച്ച് 20-30 വയസിനിടയിലുള്ളവരിൽ സെർവിക്കൽ സ്‌പോണ്ടിലോസിസ് 40 ശതമാനം വർധിച്ചതായാണ് കണക്കുകൾ ഉദ്ധരിച്ച് വിദഗ്ധർ പറയുന്നത്. സ്‌ക്രീനിലേക്ക് കുനിഞ്ഞിരിക്കുന്ന യുവതലമുറയുടെ നട്ടെല്ല് വളയുന്നതുപോലെ തന്നെ കുട്ടികളിലെ നട്ടെല്ല് വളവ് (സ്‌കോളിയോസിസ്) വർധിക്കുന്നതും പ്രധാന ആരോഗ്യപ്രശ്‌നമാണ്.
കേരളത്തിൽ നട്ടെല്ല് സംബന്ധമായ അസുഖങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 35 ശതമാനം മുതൽ 45 ശതമാനം വരെ വർധനവുണ്ടായതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. മുമ്പ് വാർധക്യസഹജമായ അസുഖമായി കണക്കാക്കിയിരുന്ന നട്ടെല്ല് തേയ്മാനം (സ്‌പോൺഡിലോസിസ്) ഇന്ന് 20-30 വയസിനിടയിലുള്ളവരിലും വ്യാപകമാകുന്നെന്നത് ഗൗരവതരമാണ്.
സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരെ ബാധിക്കുന്ന രോഗാവസ്ഥയാണ്. 'ടെക്സ്റ്റ് നെക്ക്' പ്രതിസന്ധി. സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുമ്പോൾ കഴുത്ത് 60 ഡിഗ്രി വരെ കുനിക്കുന്നത് നട്ടെല്ലിന്റെ മുകൾഭാഗത്ത് ഏകദേശം 27 കിലോ ഭാരം കയറ്റിവയ്ക്കുന്നതിന് തുല്യമാണെന്ന് ഡോക്ടർമാർ പറയുന്നു. വലിയ രീതിയിലുള്ള കഴുത്തുവേദനയ്ക്കും ഡിസ്‌ക് തകരാറുകൾക്കും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇരുചക്ര വാഹനയാത്രക്കാർക്കിടയിൽ നട്ടെല്ലിലെ എൽ 4 എൽ 5 ഡിസ്‌ക് തകരാറുകൾ വർധിക്കുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു. റോഡിലെ കുഴികളും അശാസ്ത്രീയമായ സ്പീഡ് ബ്രേക്കറുകളും നട്ടെല്ലിന് തുടർച്ചയായ ആഘാതമേൽപ്പിക്കുന്നുണ്ട്. കേരളത്തിലെ ഉയർന്ന ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ - ശരീരഭാര സൂചിക) നിരക്കും നട്ടെല്ലിന് താങ്ങാൻ കഴിയാത്ത ഭാരവും ഡിസ്‌ക് തള്ളലിന് (ഡിസ്‌ക് പ്രോലാപ്‌സ്) പ്രധാന കാരണമാകുന്നതായി വിലയിരുത്തുന്നു. ഐ.ടി പ്രൊഫഷണലുകൾ നേരിടുന്ന വെല്ലുവിളികളിൽ പ്രധാനപ്പെട്ടത് അകാലത്തിലുള്ള ഡിസ്‌ക് തേയ്മാനമാണ്. ദിവസേന 10 മുതൽ 12 മണിക്കൂർ വരെ നീളുന്ന തുടർച്ചയായ ഇരിപ്പും അശാസ്ത്രീയ തൊഴിൽ സാഹചര്യങ്ങളുമാണ് പ്രധാന കാരണം.
പരിഹാരമായി കീഹോളും റോബോട്ടിക്‌സും
നട്ടെല്ല് പ്രശ്നങ്ങൾക്കായി ശസ്ത്രക്രിയ എന്ന് കേൾക്കുമ്പോൾ ഭയപ്പെടേണ്ട സാഹചര്യം ഇന്നില്ല. അത്യാധുനിക സാങ്കേതികവിദ്യകൾ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മിനിമലി ഇൻവേസീവ് സ്‌പൈൻ സർജറി (കീഹോൾ) വലിയ മുറിവുകളില്ലാതെ, എൻഡോസ്‌കോപ്പ് ഉപയോഗിച്ച് നടത്തുന്ന ശസ്ത്രക്രിയയാണ്. പേശികൾക്ക് ക്ഷതമേൽക്കാത്തതിനാൽ രോഗിക്ക് 24 മണിക്കൂറിനുള്ളിൽ ആശുപത്രി വിടാം.
മുമ്പ് മാസങ്ങളോളം വിശ്രമം വേണ്ടിവന്നിരുന്ന നട്ടെല്ല് ശസ്ത്രക്രിയകൾ ഇന്ന് വെറും ലളിതമായ പ്രക്രിയകളായി മാറി. എങ്കിലും, ഐ.ടി ജീവനക്കാർ അടക്കമുള്ളവർ ഓരോ മണിക്കൂറിലും 'മൈക്രോ ബ്രേക്കുകൾ' എടുക്കുന്നതും കൃത്യമായ വ്യായാമം (യോഗയോ സ്‌ട്രെച്ചിങോ) ചെയ്യുന്നതും ശസ്ത്രക്രിയ വരെ എത്താതിരിക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
ജാഗ്രത വേണം
1. തുടർച്ചയായ ഇരിപ്പ് ഒഴിവാക്കുക; ഓരോ 30 മിനിറ്റിലും എഴുന്നേറ്റ് നടക്കുക.
2. മൊബൈൽ കണ്ണിന്റെ നേരെ പിടിച്ച് ഉപയോഗിക്കുക, കഴുത്ത് കുനിക്കരുത്.
3. നട്ടെല്ലിന് ബലം നൽകുന്ന വ്യായാമങ്ങൾ ശീലമാക്കുക.
experts warn that heavy smartphone use is causing spine problems in youth, and the condition may worsen with age.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."