കേരളത്തിൽ 'പുതുയുഗം' പിറക്കും; വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ 'പുതുയുഗ യാത്ര’ ഫെബ്രുവരി ആറ് മുതൽ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫ് കേരള ജാഥക്ക് പേര് നൽകി. ‘പുതുയുഗ യാത്ര’ എന്നാണ് കേരളം തിരിച്ചുപിടിക്കാനുള്ള യാത്രക്ക് പേര് നൽകിയത്. കാസർകോടുനിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് എത്തുന്ന യാത്ര ഫെബ്രുവരി 6 മുതൽ മാർച്ച് 6 വരെ ദിവസങ്ങളിലായി നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യാത്രയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഉള്ളത്.
യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം അണിനിരക്കുന്ന പ്രചാരണ ജാഥയുടെ തീം ‘കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫ്’ എന്നതാണ്. സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന യാത്രയ്ക്ക് ഒടുവിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മഹാസമ്മേളനവും ഒരുക്കിയിട്ടുണ്ട്. യാത്രയിലുടനീളം സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളും വികസന മുരടിപ്പും യുഡിഎഫ് മുന്നോട്ട് വെക്കുന്ന വികസന പദ്ധതികളും ചർച്ചയാകും.
വടക്കൻ കേരളം
ഫെബ്രുവരി ആറിന് കാസർകോടുനിന്ന് ആരംഭിക്കുന്ന പുതുയുഗ യാത്ര ഫെബ്രുവരി ഏഴിന് കണ്ണൂരിലും 10ന് വയനാട്ടിലും പര്യടനം നടത്തും. ഫെബ്രുവരി 11ന് കോഴിക്കോട്, 13ന് മലപ്പുറം, 16ന് പാലക്കാട് ജില്ലകളിലെ വിവിധ ഇടങ്ങളിൽ പ്രചാരണം നടത്തും.
മധ്യകേരളം
ഫെബ്രുവരി 18ന് തൃശൂരിലെ സ്വീകരണത്തിന് ശേഷം 20ന് എറണാകുളം ജില്ലയിലേക്ക് കടക്കും. ഫെബ്രുവരി 23ന് ഇടുക്കി, 25ന് കോട്ടയം, 26ന് ആലപ്പുഴ ജില്ലകളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാഷ്ട്രീയ പ്രചാരണം നടത്തും.
തെക്കൻ കേരളം
27ന് പത്തനംതിട്ടയിൽ പ്രവേശിക്കുന്ന പുതുയുഗ യാത്ര 28ന് കൊല്ലത്ത് എത്തും. മാർച്ച് നാലിനാണ് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് യാത്ര പ്രവേശിക്കുക. മാർച്ച് ആറിന് പുത്തരിക്കണ്ടം മൈതാനിയിലെ മഹാസമ്മേളനത്തോടെ യാത്രയ്ക്ക് സമാപനമാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."