'ഞാന്‍ സ്വയം ജീവനൊടുക്കും' മുസ്‌ലിം വോട്ടുകള്‍ ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെ സമ്മര്‍ദത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി രാജസ്ഥാന്‍ ബി.എല്‍.ഒ
ജയ്പൂര്‍: മുസ്‌ലിം വോട്ടുകള്‍ ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെ സമ്മര്‍ദ്ദം സഹിക്കാനാവാതെ ആത്മഹത്യാ ഭീഷണിയുമായി രാജസ്ഥാന്‍ ബി.എല്‍.ഒ. ബി.ജെ.പി നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച സീറ്റുകളിലെ മുസ്‌ലിം വോട്ടുകള്‍ ഇല്ലാതാക്കാന് ഇയാള്‍ക്ക് മേല്‍ ബി.ജെ.പി സമ്മര്‍ദ്ദം ചെലുത്തിയത്. ജയ്പൂരിലെ ഹവാ മഹല്‍ മണ്ഡലത്തിലെ ബി.എല്‍.ഒ ആയ കീര്‍ത്തി കുമാറാണ് ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയത്.
ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനിയെ ഫോണില്‍ വിളിച്ചാണ് കീര്‍ത്തി കുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഫോണ്‍ സംഭാഷണം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. 'ഞാന്‍ കലക്ടറുടെ ഓഫിസില്‍ പോവും അവിടെ വച്ച് ആത്മഹത്യ ചെയ്യും,' ഫോണ്‍ സംഭാഷണത്തില്‍ കുമാര്‍ പറയുന്നു.
സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 470 വോട്ടര്‍മാരെ നീക്കം ചെയ്യാനാണ് ബി.ജെ.പി ബി.എല്‍.ഒയോട് ആവശ്യപ്പെട്ടത്. ബൂത്തിലെ 40 ശതമാനത്തോളം വരുന്ന വോട്ടര്‍മാരാണിത്. ഇത് തനിക്ക് താങ്ങാന്‍ കഴിയുന്നതിനപ്പുറമാണെന്നും കീര്‍ത്തി കുമാര്‍ പറയുന്നു.
ബി.ജെ.പിയുടെ ആവശ്യം മുസ്‌ലിം വോട്ടര്‍മാരെ ലക്ഷ്യം വെച്ചുള്ളതാണെന്ന് കുമാര്‍ പറയുന്നു. ഈ വോട്ടര്‍മാരെയെല്ലാം താന്‍ ഇതിനോടകം തന്നെ പരിശോധിച്ച് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
' ഒരുപക്ഷേ ഞാന്‍ പ്രദേശത്തെ മുഴുവന്‍ വോട്ടര്‍മാരെയും നീക്കം ചെയ്യേണ്ടി വരും. അത് നിങ്ങളെയും മഹാരാജിനെയും തെരഞ്ഞെടുപ്പില്‍ സുഖകരമായി വിജയിക്കാന്‍ സഹായിക്കും,' സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് സന്ദേശത്തില്‍ കീര്‍ത്തി കുമാര്‍ ബി.ജെ.പി കൗണ്‍സിലറോട് പറയുന്നതിങ്ങനെ.
മുഴുവന്‍ എസ്.ഐ.ആര്‍ പ്രവൃത്തികളും വീണ്ടും ചെയ്യാനാണ് ബി.ജെ.പി തന്നെ ഭീഷണിപ്പെടുത്തുന്നതെന്നും ചെയ്യാത്ത പക്ഷം സസ്പെന്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ബി.എല്‍.ഒ പറഞ്ഞു. എന്നാല്‍ അവരുടെ രാഷ്ട്രീയം തനിക്കറിയാമെന്നും തനിക്കിത് ചെയ്യാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി എം.എല്‍.എ ബാല്‍മുകുന്ദ് ആചാര്യയാണ് മഹാരാജ്'. പ്രദേശത്ത് ഇയാള്‍ അങ്ങിനെയാണ് അറിയപ്പെടുന്നത്. 2023ലെ തെരഞ്ഞെടുപ്പില്‍ ഹവാ മഹലില്‍ നിന്നും വെറും 974 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആചാര്യ വിജയിച്ചത്. മുസ്ലിങ്ങള്‍ക്കെതിരായ നിലപാടുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാള്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.
സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ് കുമാര്‍. എസ്.ഐ.ആര്‍ നടപടികള്‍ ഇതിനോടകം തന്നെ തന്റെ വിദ്യാര്‍ത്ഥികളെ ബാധിച്ചിട്ടുണ്ട്-അദ്ദേഹം പറഞ്ഞു. ഇനി താന്‍ ചെയ്ത ജോലി ആവര്‍ത്തിക്കേണ്ടി വരും വീണ്ടും തന്റെ വിദ്യാര്‍ഥികള്‍ക്കും ഇത് പ്രശ്‌നമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ആരോപണങ്ങളെ എതിര്‍ത്ത് ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനി രംഗത്തെത്തി.
കുമാറിന്റെ ബൂത്തിലെ 467 വോട്ടര്‍മാര്‍ക്കെതിരെ ജനുവരി 8നും ജനുവരി 9നും പാര്‍ട്ടിയുടെ ബൂത്ത് ലെവല്‍ ഏജന്റ് പരാതി നല്‍കിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിനാണ് നടപടിയെന്നുമാണ് സുരേഷ് സൈനി പറഞ്ഞത്.
'മുസ്‌ലിം വോട്ടര്‍മാര്‍ക്കെതിരെ എനിക്ക് ഒരു അജണ്ടയുമില്ല, പക്ഷേ ഈ വോട്ടര്‍മാരൊന്നും ഇവിടെ താമസിക്കുന്നവരല്ലെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. കൂടുതല്‍ വോട്ടര്‍മാര്‍ക്കെതിരെ എതിര്‍പ്പ് ഫയല്‍ ചെയ്യാനാണ് ഞങ്ങളുടെ തീരുമാനം.അതിനായി സമയപരിധി വര്‍ദ്ധിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കും,' സുരേഷ് സൈനി പറഞ്ഞതായി ന്യൂസ് ലോണ്‍ണ്ടറി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഹിന്ദു വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള സമീപത്തെ അഞ്ച് ബൂത്തുകളിലും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ബി.എല്‍.ഒമാര്‍ ചൂണ്ടിക്കാച്ചുന്നു.
എസ്.ഐ.ആര്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ഇതിനോടകം തന്നെ രാജസ്ഥാനില്‍ മൂന്ന് ബി.എല്‍.ഒമാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.
a booth level officer in jaipur threatens suicide alleging bjp pressure to remove muslim voters from electoral rolls in seats won by narrow margins, triggering political controversy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."