രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാറും പാലിക്കാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ കനത്ത ആക്രമണം, പത്ത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ജറുസലേം: യു.എസിന്റെ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഗസ്സയില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍. വ്യാഴാഴ്ച നടത്തിയ ആക്രമണങ്ങളില്‍ പത്ത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ആക്രമണത്തില്‍ ഖസ്സാം നേതാവും കൊല്ലപ്പെട്ടിട്ടുണ്ട്.
ദെയ്ര്‍ അല്‍-ബലാഹില്‍, വീടുകളെ ലക്ഷ്യമിട്ട് ഒന്നിലധികം ആക്രമണങ്ങള്‍ നടന്നതായി ഹമാസ് സ്ഥിരീകരിച്ചു. ഖസ്സാം നേതാവ് അബു ഫൗദ് അല്‍-ഹൗലി യുടെ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. ജബാലിയയില്‍, സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു പെണ്‍കുട്ടിക്ക് പരുക്കേറ്റു.
ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 451 പേരാണ് കൊല്ലപ്പെട്ടത്. 1244 തവണയാണ് ഇസ്‌റാഈല്‍ ഒന്നാംഘട്ടത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ നൂറിലേറെ പേര്‍ കുട്ടികളാണെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് ഗസ്സയില്‍ അമേരിക്ക രണ്ടാംഘട്ട വെടിനിര്‍ത്തല്‍ പദ്ധതി പ്രഖ്യാപിച്ചത്. ഗസ്സയുടെ ഭരണ നിര്‍വഹണത്തിനായി പുതിയ കമ്മിറ്റി രൂപീകരിച്ചതായും യു.എസ് അറിയിച്ചിരുന്നു. സായുധ സംഘങ്ങളെ നിരായുധീകരിക്കുക, സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഭരണം, ഗാസയുടെ പുനര്‍നിര്‍മാണം എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞിരുന്നു. ശേഷിക്കുന്ന അവസാന ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് വിട്ടുനല്‍കണെന്നും കരാറില്‍ പറയുന്നു. ഇതില്‍ പരാജയപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും സ്റ്റീവ് വിറ്റ്കോഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
2023 ഒക്ടോബറില്‍ ഇസ്‌റാഈല്‍ ഗസ്സയില്‍ ആരംഭിച്ച വംശഹത്യാ ആക്രമണങ്ങളില്‍ 71,441 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്. 1,71,329 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
at least ten palestinians were killed as israel intensified attacks on gaza following the us announcement of a second phase ceasefire, with reports of repeated truce violations and civilian casualties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."