വേദനയെ തോൽപ്പിച്ച നിശ്ചയദാർഢ്യം; സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി മത്സരിക്കാം; നിർണായക ഇടപെടലുമായി മന്ത്രി വി. ശിവൻകുട്ടി
തൃശ്ശൂർ: ഗുരുതര രോഗത്തോട് പോരാടുമ്പോഴും കലയെ കൈവിടാത്ത സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിക്കാൻ വഴിയൊരുങ്ങുന്നു. 'വാസ്കുലൈറ്റിസ്' എന്ന രോഗാവസ്ഥ മൂലം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സിയയുടെ ആഗ്രഹം പരിഗണിച്ച് വീഡിയോ കോൺഫറൻസിംഗിലൂടെ മത്സരത്തിൽ പങ്കെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക അനുമതി നൽകി.
കാസർഗോഡ് പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയാണ് സിയ ഫാത്തിമ. അറബിക് പോസ്റ്റർ ഡിസൈനിംഗിലാണ് സിയ സംസ്ഥാനതലത്തിൽ മാറ്റുരയ്ക്കേണ്ടിയിരുന്നത്. എന്നാൽ യാത്ര ചെയ്യുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം എന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെത്തുടർന്ന് തൃശ്ശൂരിലെ മത്സരവേദിയിൽ എത്താൻ സിയയ്ക്ക് സാധിക്കുമായിരുന്നില്ല. സിയയുടെ സങ്കടം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് മാനുഷിക പരിഗണന നൽകിയുള്ള ഈ ചരിത്രപരമായ തീരുമാനം.
നാളെ രാവിലെ 11 മണിക്ക് സി.എം.എസ്.എച്ച്.എസ്.എസിൽ (വേദി 17) നടക്കുന്ന മത്സരത്തിൽ സിയ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഓൺലൈനായി മത്സരം നിരീക്ഷിക്കുകയും മൂല്യനിർണ്ണയം നടത്തുകയും ചെയ്യും. രോഗപീഡകൾക്കിടയിലും തളരാത്ത ഈ മിടുക്കിയുടെ ആത്മവിശ്വാസത്തിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിലടക്കം ലഭിക്കുന്നത്.
സിയ ഫാത്തിമയുടെ അപേക്ഷ പരിഗണിച്ച് പ്രത്യേക ഉത്തരവിലൂടെയാണ് അധികൃതർ ഈ സൗകര്യമൊരുക്കിയത്. സിയയ്ക്ക് വേഗത്തിൽ രോഗശമനം ഉണ്ടാകട്ടെ എന്നും മത്സരത്തിൽ മികച്ച വിജയം നേടാൻ സാധിക്കട്ടെ എന്നും വിദ്യാഭ്യാസ മന്ത്രി ആശംസിച്ചു.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കാസർഗോഡ് പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസിലെ (VKPKHMMRVHSS) മിടുക്കരായ വിദ്യാർത്ഥികളിലൊരാളായ സിയ ഫാത്തിമയുടെ സങ്കടം നിറഞ്ഞ സന്ദേശവും സ്കൂൾ അധികൃതരുടെ അപേക്ഷയും ശ്രദ്ധയിൽപ്പെടുകയുണ്ടായി.
'വാസ്കുലൈറ്റിസ്' എന്ന ഗുരുതര രോഗത്തോട് പോരാടുമ്പോഴും, ശരീരം കാർന്നുതിന്നുന്ന വേദനയിലും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ ഡിസൈനിംഗിൽ മാറ്റുരയ്ക്കാനുള്ള ആ കുട്ടിയുടെ വലിയ ആഗ്രഹം നമുക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.
യാത്ര ചെയ്യുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം എന്ന ഡോക്ടർമാരുടെ കർശന നിർദ്ദേശമുള്ളതിനാൽ, തൃശ്ശൂരിലെ വേദിയിലെത്തി മത്സരിക്കാൻ സിയയ്ക്ക് സാധിക്കില്ല. ഈ സാഹചര്യത്തിൽ, ആ കുട്ടിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ മാനുഷിക പരിഗണന നൽകി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയാണ്.
നാളെ രാവിലെ 11 മണിക്ക് വേദി 17 ആയ സി.എം.എസ്.എച്ച്.എസ്.എസിൽ നടക്കുന്ന അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ സിയ ഫാത്തിമയ്ക്ക് വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കാൻ അവസരമൊരുക്കും. ബന്ധപ്പെട്ട അധികൃതർ ഓൺലൈനായി മത്സരം നിരീക്ഷിക്കുകയും മൂല്യനിർണ്ണയം നടത്തുകയും ചെയ്യും.
രോഗപീഡകൾക്കിടയിലും കലയെ നെഞ്ചോട് ചേർക്കുന്ന സിയ ഫാത്തിമയുടെ അതിജീവന പോരാട്ടത്തിന് ഇതൊരു കൈത്താങ്ങാവട്ടെ.
പ്രിയപ്പെട്ട സിയയ്ക്ക് എല്ലാവിധ വിജയാശംസകളും വേഗത്തിലുള്ള രോഗശമനവും നേരുന്നു.
showing remarkable determination despite pain, ziya fathima has been permitted to participate online in the state school arts festival following a crucial intervention by minister v sivankutty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."