'കാലിനേറ്റ മുറിവ് കെട്ടിയത് സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍വച്ച്'; ചികിത്സപ്പിഴവ് പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍
പത്തനംതിട്ട: പമ്പ സര്‍ക്കാര്‍ ആശുപത്രിക്കെതിരേ ഗുരുതര ചികിത്സാപിഴവ് ആരോപണം. ശബരിമല തീര്‍ഥാടകരുടെ കാലിനേറ്റ മുറിവ് ചികിത്സിച്ചപ്പോള്‍ സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍വച്ച് കെട്ടിയെന്ന് പരാതി. നെടുമ്പാശേരി മൂഴിക്കല്‍ശാല ശ്രീലകം വീട്ടില്‍ പ്രീത ബാലചന്ദ്രന്‍ (55) പത്തനംതിട്ട ഡിഎംഒയ്ക്ക് പരാതി നല്‍കി.
ജനുവരി 15നായിരുന്നു സംഭവം. പന്തളത്ത് നിന്ന് തിരുവാഭരണഘോഷയാത്രയോടൊപ്പം അയിരൂര്‍ വരെ പദയാത്രയായാണ് പ്രീത സഞ്ചരിച്ചത്. അധികനേരം നടന്നതോടെ കാല്‍പാദത്തില്‍ രണ്ട് ചെറിയ കുമിളകള്‍ രൂപപ്പെട്ടു. ഇതോടെ യാത്ര അവസാനിപ്പിച്ച് ബസില്‍ പമ്പയിലേക്കു പോയി. എന്നാല്‍ കുറച്ചുനേരം കഴിഞ്ഞ് നടക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പമ്പ ആശുപത്രിയിലെത്തിയത്.
തുടര്‍ന്ന് അവിടെ നിന്ന് മുറിവ് കെട്ടിയ ശേഷം തിരികെ ഇറങ്ങി. വീണ്ടും നടന്നപ്പോള്‍ കാല്‍ നനഞ്ഞതുകൊണ്ട് ഒന്നു കൂടി കെട്ടിക്കാന്‍ വെളുപ്പിനെ നാലു മണിയോടെ പ്രീത വീണ്ടും ആശുപത്രിയിലെത്തി. തുടര്‍ന്ന് ഡോക്ടര്‍ പരിശോധിച്ച ശേഷം വീണ്ടും ഡ്രസ് ചെയ്യാന്‍ നിര്‍ദേശിച്ചു.
എന്നാല്‍ ഇവിടെ നഴ്‌സുമാരുണ്ടായിരുന്നില്ല.പകരം അവിടെയുണ്ടായിരുന്ന നഴ്‌സിങ് അസിസ്റ്റന്റ് മുറിവ് അഴിച്ച് കുമിളയില്‍ വെള്ളക്കെട്ടുണ്ടെന്ന് പറഞ്ഞ് സൂചിയെടുത്ത് കുത്തുകയായിരുന്നു. ഇത് കാലിന്റെ ഉള്ളില്‍ മാംസത്തില്‍ വരെ കൊണ്ടു. തുടര്‍ന്ന് മുറിവു കീറാനായി ഇയാള്‍ സര്‍ജിക്കല്‍ ബ്ലേഡ് എടുത്തതോടെ ശരിയായ രീതിയിലല്ല ചെയ്യുന്നതെന്ന് തോന്നിയതു കൊണ്ട് ഇനി ഒന്നും ചെയ്യേണ്ടെന്നും ഡ്രസ് ചെയ്താല്‍ മാത്രം മതിയെന്നും താന്‍ പറഞ്ഞെന്ന് പ്രീത വ്യക്തമാക്കി. തുടര്‍ന്ന് അവിടെ തുറന്നു വച്ചിരുന്ന ഓയിന്‍മെന്റ് ഇയാള്‍ മുറിവില്‍ പുരട്ടി. തുടര്‍ന്ന് ഡ്രസ് ചെയ്തു. ഇതിനിടയിലായിരിക്കാം സര്‍ജിക്കല്‍ ബ്ലേഡ് കുടുങ്ങിയത് എന്നാണ് കരുതുന്നതെന്ന് അവര്‍ പറഞ്ഞു.
വീട്ടിലെത്തി മുറിവ് അഴിച്ചു നോക്കിയപ്പോഴാണ് സര്‍ജിക്കല്‍ ബ്ലേഡിന്റെ ഒരു ഭാഗം ഡ്രസ് ചെയ്തതിന്റെ ഇടയില്‍ കണ്ടതെന്നും പിന്നാലെ ഡിഎംഒ യ്ക്ക് പരാതി നല്‍കുകയായിരുന്നു.
Serious Medical Negligence Alleged at Pamba Government Hospital. Surgical Blade Found in Sabarimala Pilgrim’s Foot
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."