കുട്ടികളുടെ മരുന്നുപയോഗം ജീവന് ഭീഷണി; യുഎഇയിലെ സ്കൂളുകൾ മരുന്നുകൾ നിയന്ത്രിക്കാൻ കാരണമിത്
ദുബൈ: യുഎഇയിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികൾ തങ്ങളുടെ കൈവശം മരുന്ന് സൂക്ഷിക്കുന്നത് നിരോധിച്ചു. കുട്ടികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. മരുന്നുകളുടെ അശാസ്ത്രീയമായ ഉപയോഗം തടയാൻ ലക്ഷ്യമിട്ടാണ് അധികൃതരുടെ നീക്കം.
കുട്ടികൾ സ്വന്തം നിലയ്ക്ക് മരുന്ന് കഴിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടി.
കുട്ടികൾ തെറ്റായ അളവിലാണ് (Dose) മിക്കപ്പോഴും മരുന്ന് കഴിക്കുന്നത്. ഇത് ജീവന് ഭീഷണിയാണ്. ഇത് ഒഴിവാക്കാൻ പുതിയ നടപടി സഹായിക്കും. കുട്ടികൾ തമ്മിൽ മരുന്നുകൾ പങ്കുവെക്കുന്നത് തടയാനും അലർജി ഉൾപ്പെടെയുള്ള അപ്രതീക്ഷിത ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇതുവഴി സാധിക്കും.
പ്രത്യേക ഇളവുകൾ ആർക്കൊക്കെ?
ചില പ്രത്യേക സാഹചര്യങ്ങളിൽ കുട്ടികൾക്ക് സ്കൂളിൽ മരുന്ന് എത്തിക്കാൻ അനുവാദമുണ്ടാകും. ഇതിനായി താഴെ പറയുന്ന നിബന്ധനകൾ പാലിക്കണം.
- ഡോക്ടറുടെ കുറിപ്പടി: ഡോക്ടർ നൽകിയ ഔദ്യോഗിക മെഡിക്കൽ കുറിപ്പടി (Prescription) രക്ഷിതാക്കൾ സ്കൂളിൽ സമർപ്പിക്കണം.
- രേഖകൾ: കുറിപ്പടിയിൽ കുട്ടിയുടെ പേര്, മരുന്നിന്റെ പേര്, അളവ്, നൽകേണ്ട സമയം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
- സ്കൂൾ അധികൃതരുടെ മേൽനോട്ടം: ഇത്തരത്തിൽ നൽകുന്ന മരുന്നുകൾ സ്കൂൾ ക്ലിനിക്കിലോ നിശ്ചിത ആരോഗ്യ ജീവനക്കാരുടെ പക്കലോ സൂക്ഷിക്കണം. അവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രമേ കുട്ടിക്ക് മരുന്ന് നൽകുകയുള്ളൂ.
വിദ്യാർത്ഥികളുടെ പഠനത്തിനൊപ്പം തന്നെ അവരുടെ ആരോഗ്യത്തിനും മുൻഗണന നൽകുന്ന പരിഷ്കാരമാണിതെന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ പറഞ്ഞു. കുട്ടികളുടെ സുരക്ഷ മുൻനിർത്തി രക്ഷിതാക്കൾ ഈ പുതിയ നിർദ്ദേശങ്ങളുമായി സഹകരിക്കണമെന്ന് സ്കൂൾ അധികൃതർ അഭ്യർത്ഥിച്ചു.
misuse of medicines among children poses serious health risks, prompting uae schools to introduce strict rules on carrying and using medicines to protect student safety and prevent life threatening incidents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."