നാല് വോട്ടിനുവേണ്ടി ഞങ്ങൾ വർഗീയത പറയില്ല; മലയാളിയുടെ മണ്ണിൽ ഇടതുപക്ഷത്തിന്റെ വർഗീയത ചിലവാകില്ല; സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ലീഗ്
മലപ്പുറം: മന്ത്രി സജി ചെറിയാൻ നടത്തിയ വർഗീയ പരാമർശത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതൃത്വം. നാല് വോട്ടിനുവേണ്ടി വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. സജി ചെറിയാൻ ലീഗിനെക്കുറിച്ച് ആദ്യം പഠിക്കണമെന്നും, ഒരു ജനവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള പ്രചരണമാണ് നടത്തുന്നതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
'നാല് വോട്ടിന് വേണ്ടി വർഗീയ ധ്രുവീകരണം ഉണ്ടാക്കുക ലീഗിന്റെ ലക്ഷ്യമല്ല. സൗഹാർദം നിലനിർത്തി വോട്ട് ചോദിക്കാനുള്ള ധൈര്യം ലീഗിന് ഉണ്ട്. അതില്ലാത്തവരാണ് വർഗീയത പറഞ്ഞ് രംഗം വഷളാക്കാൻ ശ്രമിക്കുന്നത്' - സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു
വർഗീയ ധ്രുവീകരണം ലീഗിൻറെ ലക്ഷ്യമല്ല. സജി ചെറിയാനെ പോലെ ഇത്രയും വലിയ വർഗീയത ആരും പറഞ്ഞിട്ടില്ല. സജി ചെറിയാൻ ലീഗിനെക്കുറിച്ച് ആദ്യം പഠിക്കണം. പേര് നോക്കി കാര്യം പറയുന്ന രീതിയാണ് ഇപ്പോൾ കേരളത്തിൽ ഉള്ളതെന്നും കുഞ്ഞാലികുട്ടി അഭിപ്രായപ്പെട്ടു.
സർക്കാരിൻറെയും ഇടതുപക്ഷത്തിൻറെയും ആത്മവിശ്വാസ കുറവാണ് ഇത്തരം പ്രസ്താവനകൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡൻറ് ആരെന്ന് നോക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാൻ ന്യൂനപക്ഷ കാർഡ് എടുത്തു, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ കാർഡ് എടുത്തു. ഇങ്ങനെ മാറി മാറി കാർഡ് കളിച്ചിട്ട് എന്താണ് ഇടത് പക്ഷത്തിന് പ്രയോജനമുള്ളത്? മലയാളിയുടെ മണ്ണിൽ ഈ വർഗീയത ചിലവാകില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
ഒരു വിഭാഗത്തെ ലക്ഷ്യം വെച്ച് സർക്കാരും സർക്കാരിനെ പിന്തുണക്കുന്നവരും മന്ത്രിമാരും നടത്തുന്ന പ്രസ്താവനകൾ ജനങ്ങൾ സ്വീകരിക്കില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സജി ചെറിയാൻ നടത്തിയ വിവാദ പരാമർശം
യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്തും, കാസർഗോഡും ജയിച്ച സ്ഥാനാർഥികളുടെ പേര് പരിശോധിച്ചാൽ മാത്രം മതിയെന്നാണ് മന്ത്രിയുടെ പരാമർശം. ആ സമുദായത്തിൽ അല്ലാത്തവർ ഈ സ്ഥലങ്ങളിൽ എവിടെ നിന്നാലും ജയിക്കില്ലെന്നും മന്ത്രി പറഞ്ഞു.
'നിങ്ങൾ കാസർകോട് നഗരസഭ റിസൾട്ട് പരിശോധിച്ചാൽ മതി ആർക്കെല്ലാം എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ ആ സമുദായത്തിൽ പെട്ടവരേ ജയിക്കൂ. അങ്ങനെ കേരളം പോണോ? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. എന്താണ് നമ്മുടെ രാജ്യത്തിന്റെ സ്ഥിതി. നിങ്ങളിത് ഉത്തർ പ്രദേശും മധ്യപ്രദേശുമാക്കാൻ നിൽക്കരുത്.'- എന്നാണ് സജി ചെറിയാൻ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."