ഇന്ത്യ - യു.എ.ഇ വ്യാപാരം ഇരട്ടിയാക്കും; ഊർജ്ജ മേഖലയിൽ നിർണ്ണായക കരാർ; 10 വർഷത്തേക്ക് എൽ.എൻ.ജി ഉറപ്പാക്കി ഇന്ത്യ; ഷെയ്ഖ് മുഹമ്മദിന് നൽകിയത് റെഡ് കാർപെറ്റ്
ന്യൂഡൽഹി: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം അടുത്ത ആറ് വർഷത്തിനുള്ളിൽ ഇരട്ടിയാക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആലു നഹ് യാനും തമ്മിൽ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് 200 ബില്യൺ ഡോളറിന്റെ വ്യാപാര ലക്ഷ്യം പ്രഖ്യാപിച്ചത്. സാമ്പത്തിക സഹകരണത്തിന് പുറമെ പ്രതിരോധ മേഖലയിലും ഇരുരാജ്യങ്ങളും ബന്ധം കൂടുതൽ ശക്തമാക്കാനും ധാരണയായി.
സന്ദർശനത്തിന്റെ ഭാഗമായി ഊർജ്ജ മേഖലയിൽ നിർണ്ണായകമായ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. യു.എ.ഇയിലെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അഡ്‌നോക്, ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്.പി.സി.എൽ) പത്ത് വർഷത്തെ കരാറിലാണ് ഏർപ്പെട്ടത്.
കരാർ പ്രകാരം പ്രതിവർഷം 0.5 ദശലക്ഷം മെട്രിക് ടൺ ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി) യു.എ.ഇ ഇന്ത്യയ്ക്ക് നൽകും. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ നീക്കം വലിയ പങ്കുവഹിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തിക താൽപ്പര്യങ്ങൾക്ക് പുറമെ, സുരക്ഷാപ്രതിരോധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും തീരുമാനിച്ചു. മേഖലയിലെ സമാധാനവും സുസ്ഥിരതയും ലക്ഷ്യംവച്ചുള്ള സംയുക്ത സൈനികാഭ്യാസങ്ങളും സാങ്കേതിക കൈമാറ്റങ്ങളും കൂടുതൽ സജീവമാക്കാൻ ധാരണയായിട്ടുണ്ട്. ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യകളിൽ സംയുക്ത സംരംഭങ്ങൾ ആരംഭിക്കും. ഇത് സ്റ്റാർട്ടപ്പുകൾക്കും തൊഴിലവസരങ്ങൾക്കും വഴിതുറക്കും. ഐ.ഐ.ടി ഡൽഹി, ഐ.ഐ.എം അഹമ്മദാബാദ് എന്നിവയുടെ യു.എ.ഇ കാംപസുകൾക്ക് പിന്നാലെ കൂടുതൽ സർവ്വകലാശാലകൾ തമ്മിൽ സഹകരണം ഉറപ്പാക്കും. ഇന്ത്യയുടെ 'ഡിജിലോക്കർ' യു.എ.ഇ പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആലു നഹ്യാനെ പാലം വ്യോമതാവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. വ്യോമതാവളത്തിലെ റെഡ് കാർപെറ്റ് സ്വീകരണത്തിനു ശേഷം, പരമ്പരാഗത സംഗീതോപകരണങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന നൃത്ത പരിപാടികൾ ഉൾപ്പെടുന്ന സാംസ്‌കാരിക പരിപാടികളുമുണ്ടായിരുന്നു.
During a high-profile visit to New Delhi on January 19, 2026, Prime Minister Narendra Modi and UAE President Sheikh Mohamed bin Zayed Al Nahyan agreed to a landmark roadmap to double bilateral trade to $200 billion by 2032.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."