രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവർണർക്ക് വിയോജിപ്പ്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപനത്തോടെ തുടക്കമാകും. രാവിലെ ഒൻപതിനാണ് നയപ്രഖ്യാപനം. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരായ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിൽ ഗവർണർ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിനെതിരായ പരാമർശങ്ങൾ ഒഴിവാക്കി പ്രസംഗം വായിക്കാനാണ് സാധ്യത.
ഇന്ന് ആരംഭിച്ച് മാർച്ച് 26 വരെ 32 ദിവസം സഭ ചേരാനാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും ഇതിനിടയിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനമെത്തിയാൽ സമ്മേളനം വെട്ടിച്ചുരുക്കും. 22, 27, 28 തീയതികളിൽ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച നടക്കും.
29ന് 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളിൽ ബജറ്റിൽ പൊതുചർച്ച. അഞ്ചിന് 2025- 26 വർഷത്തെ ബജറ്റിലെ അന്തിമ ഉപധനാഭ്യർഥനകളെ സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും നടക്കും.
ആറ് മുതൽ 22 വരെ സഭ ചേരില്ല. ഈ കാലയളവിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."