എസ്.ഐ.ആർ: അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ്, വലഞ്ഞ് ബി.എൽ.ഒമാർ; കൃത്യമായ ഗൈഡ്ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി
നിലമ്പൂർ: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ബി.എൽ.ഒമാർക്ക് കൃത്യമായ ഗൈഡ് ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി. ഓരോ ദിവസവും പുതിയ നിർദേശങ്ങൾ നൽകുന്നത് തങ്ങളുടെ ജോലിയെ ബാധിക്കുകയാണെന്നാണ് ഇവരുടെ പരാതി. ജനുവരി 21 വരെയായിരുന്ന ഡ്യൂട്ടി. അത് വീണ്ടും ഫെബ്രുവരി 21 വരെ നീട്ടി. അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ് വെക്കുന്നതോടെ പറഞ്ഞ സമയത്തിനുള്ളിൽ എസ്.ഐ.ആർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് ബി.എൽ.ഒമാർ പറയുന്നത്.
2002ലെ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ ഹാജരാക്കുന്നതിനുള്ള ഹിയറിങ് നടപടികൾ തുടരുന്നുണ്ട്. അതിനിടെയാണ് പട്ടികയിൽ പേരുള്ളവർക്ക് അക്ഷരത്തെറ്റുകൾ ഉണ്ടെന്ന് പേരിൽ ഹിയറിങ് നോട്ടിസ് നൽകാൻ ഒരുങ്ങുന്നത്. ബി.എൽ.ഒമാർ നേരത്തെ തന്നെ ഓൺലൈനിൽ സമർപ്പിച്ച വോട്ടർമാർക്ക് തന്നെയാണ് വീണ്ടും നോട്ടിസ് നൽകാൻ ആപ്പിൽ നിർദേശം നൽകിയിട്ടുള്ളത്. നാട്ടിലില്ലാത്തവർ, ഹിയറിങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തവർ, അറിയിപ്പ് നൽകാൻ കഴിയാത്തവർ, കിടപ്പുരോഗികൾ തുടങ്ങിയ ലക്ഷക്കണക്കിന് പേർ പട്ടികയിൽ നിന്ന് പുറത്താക്കാൻ സാധ്യതയുണ്ടെന്ന് ആശങ്ക നിലനിൽക്കുന്നതിനിടെയാണ്. ബി.എൽ.ഒമാർക്ക് അക്ഷര തെറ്റുകൾക്കും ഹിയറിങ് നടത്താനുള്ള പുതിയ നിർദേശത്തിന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."