കുറ്റവാളിയാണെങ്കിലും ഒരമ്മയാണ്; മകന്റെ അർബുദ ചികിത്സ പരിഗണിച്ച് വജ്രമോതിരം കവർന്ന യുവതിക്ക് ജയിൽ ശിക്ഷ ഒഴിവാക്കി കോടതി
ലണ്ടൻ: യുകെയിലെ വിവിധ നഗരങ്ങളിൽ മോഷണം നടത്തുന്ന സംഘത്തിലെ കണ്ണിയായ യുവതിക്ക് ശിക്ഷയിൽ ഇളവ് നൽകി കോടതി. 5,750 പൗണ്ട് (ഏകദേശം 6 ലക്ഷത്തിലധികം രൂപ) വിലമതിക്കുന്ന വജ്രമോതിരം മോഷ്ടിച്ച കേസിൽ പിടിയിലായ റുമാനിയൻ സ്വദേശിനി ക്ലോഡിയ റോസ്റ്റാസിനെ (33) ആണ് ജയിൽ ശിക്ഷയിൽ നിന്ന് കോടതി ഒഴിവാക്കിയത്.
മാരകമായ അർബുദം ബാധിച്ച പന്ത്രണ്ട് വയസ്സുകാരനായ മകനെ പരിചരിക്കാൻ ക്ലോഡിയയുടെ സാന്നിധ്യം അനിവാര്യമാണെന്ന നിരീക്ഷണത്തോടെയാണ് ജഡ്ജി ഓർല ഓസ്റ്റിൻ വിധി പുറപ്പെടുവിച്ചത്.
2025 ഏപ്രിൽ 26-ന് ഡോർസെറ്റിലെ ക്രൈസ്റ്റ്ചർച്ചിലുള്ള ഒരു കുടുംബം നടത്തുന്ന ജ്വല്ലറിയിലായിരുന്നു മോഷണം. കട അടയ്ക്കുന്നതിന് തൊട്ടുമുമ്പ് പുരുഷനായ കൂട്ടാളിയോടൊപ്പം എത്തിയ ക്ലോഡിയ, ജീവനക്കാരുടെ ശ്രദ്ധ തെറ്റിച്ചാണ് വിലകൂടിയ വജ്രമോതിരം കൈക്കലാക്കിയത്.
സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാൻസ്റ്റെഡ് വിമാനത്താവളത്തിൽ നിന്നാണ് ഇവരെ പൊലിസ് പിടികൂടിയത്. യുകെയിലെ ടീസൈഡ്, കെന്റ്, ലണ്ടൻ തുടങ്ങി പലയിടങ്ങളിലും സമാനമായ മോഷണങ്ങൾ നടത്തിയ സംഘത്തിന്റെ ഭാഗമാണ് ഇവരെന്ന് പൊലിസ് കണ്ടെത്തിയിരുന്നു.
കാരുണ്യം ചൊരിഞ്ഞ് കോടതി
ക്ലോഡിയ മുൻപും സമാന കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയാണെങ്കിലും, അവരുടെ കുടുംബ സാഹചര്യം പരിഗണിച്ചാണ് കോടതി അയഞ്ഞത്. ക്ലോഡിയയുടെ മകൻ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (രക്തത്തിലെ അർബുദം), ബ്രെയിൻ ട്യൂമർ എന്നീ മാരക രോഗങ്ങളോട് പോരാടുകയാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
മൂന്ന് വർഷം കൂടി മാത്രമേ കുട്ടി ജീവിച്ചിരിക്കാൻ സാധ്യതയുള്ളൂവെന്ന് ഡോക്ടർമാർ വിധിയെഴുതിയിട്ടുണ്ട്. 2022-ൽ സമാനമായ രീതിയിൽ അർബുദം ബാധിച്ച മറ്റൊരു കുട്ടി ക്ലോഡിയയ്ക്ക് നഷ്ടമായിരുന്നു. നിലവിൽ ആഴ്ചയിൽ പലതവണ കീമോതെറാപ്പിക്കായി കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത് ക്ലോഡിയയാണ്.
മോഷണമുതൽ വിറ്റപ്പോൾ ലഭിച്ച 750 പൗണ്ട് മകന്റെ ചികിത്സയ്ക്കായാണ് ഉപയോഗിച്ചതെന്നും ഇവർ കോടതിയിൽ പറഞ്ഞു. യുവതി വിദഗ്ധയായ മോഷ്‌ടാവായിട്ടും, മാനുഷിക പരിഗണന നൽകി ജയിലിലയക്കുന്നില്ലെന്ന് ജഡ്ജി വ്യക്തമാക്കി. എന്നാൽ ചില കർശന നിബന്ധനകൾ കോടതി ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ട് വർഷത്തേക്ക് 20 ദിവസം പുനരധിവാസ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. മോഷണം പോയ തുകയ്ക്ക് പകരമായി പ്രതിമാസം 800 പൗണ്ട് വീതം ജ്വല്ലറി ഉടമയ്ക്ക് നൽകണം. ഫുഡ് സ്റ്റോറുകൾ, പോസ്റ്റ് ഓഫീസ്, ഫാർമസി തുടങ്ങിയ അത്യാവശ്യ കടകളിലല്ലാതെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും മറ്റൊരു വ്യാപാര സ്ഥാപനങ്ങളിലും അടുത്ത രണ്ട് വർഷത്തേക്ക് പ്രവേശിക്കാൻ പാടില്ല.
"നിങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ ഇത് നിങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് അറിയാം, എന്നാൽ കുറ്റകൃത്യങ്ങൾ തടയാൻ ഇത് അനിവാര്യമാണ്," എന്ന് ജഡ്ജി വിധിന്യായത്തിൽ കൂട്ടിചേർത്തു.
A UK court has spared a 33-year-old Romanian woman, Claudia Rostas, from jail time after she stole a diamond ring worth £5,750. Despite her history of professional shoplifting, Judge Orla Austin granted leniency because Rostas’s 12-year-old son is battling terminal brain cancer and leukemia. The court ruled that her presence was vital for the child’s care, ordering her to pay compensation and undergo rehabilitation instead of imprisonment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."