തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയറില്ല; സുരക്ഷാ കാരണത്താലെന്ന് വിശദീകരണം
തിരുവനന്തപുരം: ഇന്ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മേയറില്ല. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുതല്‍ ബി.ജെ.പി നേതാക്കള്‍ വരെ മോദിയെ സ്വീകരിക്കാനെത്തുമ്പോഴാണ് തിരുവനന്തപുരം മേയര്‍ വിവി രാജേഷിന്റെ അന്നാന്നിധ്യം ചര്‍ച്ചയാകുന്നത്.
അതേസമയം, പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയില്‍നിന്ന് വി.വി. രാജേഷിന്റെ പേര് ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ ഓഫിസാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കേരളത്തില്‍നിന്നും സ്വീകരിക്കാന്‍ എത്തുന്നവരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്നു. ഇതില്‍ മേയറുടെ പേരും ഉള്‍പ്പെട്ടിരുന്നു. സാധാരണ തിരുവനന്തപുരത്ത് പ്രധാനമന്ത്രി വരുമ്പോള്‍ വിമാനത്താവളത്തില്‍ മേയര്‍ സ്വീകരിക്കാനെത്തുന്ന പതിവുണ്ട്. ഈ കീഴ്‌വഴക്കത്തിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയത്.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സൈനിക, പൊലിസ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി 22 പേരുടെ പട്ടികയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ അന്തിമ പട്ടികയിലുള്ളത്. ബി.ജെ.പി നേതാക്കളും പട്ടികയിലുണ്ട്. അതേസമയം തിരുവനന്തപുരം എം.പിയേയും പ്രധാനമന്ത്രിയുടെ ഓഫിസ് ഒഴിവാക്കിയിട്ടുണ്ട്. മേയറും എം.പിയും പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലുള്ളതിനാലാവും പ്രധാനമന്ത്രിയുടെ ഓഫിസ് ഇവരെ സ്വീകരണപരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.
സുരക്ഷാ കാരണങ്ങളാലും പ്രധാനമന്ത്രി പങ്കെടുക്കുന്ന 2 പരിപാടികളിലും വേദിയിലുള്ളതിനാലുമാണ് വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങ് ഒഴിവാക്കിയതെന്ന് മേയറുടെ ഓഫിസ് വിശദീകരിച്ചു.
കേരളത്തില്‍നിന്നുള്ള അമൃത് ഭാരത് ട്രെയിന്‍ സര്‍വിസ് ഇന്ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. സില്‍വര്‍ ലൈനിന് ബദലായ അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. രാവിലെ വിമാനത്താവളത്തില്‍ എത്തുന്ന മോദിയുടെ പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള യാത്ര വന്‍ റോഡ് ഷോ ആക്കി മാറ്റാനാണ് ബിജെപി തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."