ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്കയുടെ പിന്മാറ്റം പെട്ടെന്നുണ്ടായതല്ല; സൂചനകള്‍ ഏറെക്കാലം മുന്‍പേ നല്‍കി തുടങ്ങിയിരുന്നു
ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പൂര്‍ണമായും പിന്മാറിയിരിക്കുകയാണ്. യുഎസ് ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമാണ് ഇക്കാര്യം സംയുക്തമായി അറിയിച്ചത്. ലോകാരോഗ്യ സംഘടനയില്‍ നിന്ന് യുഎസ് പൂര്‍ണമായും പിന്‍മാറിയതായി അവര്‍ പ്രഖ്യാപിക്കുകയായിരുന്നു. യുഎസ് പിന്മാറുന്നതോടെ യുഎന്‍ ഏജന്‍സിക്ക് ഏറ്റവും വലിയ സഹായദാതാക്കളെയാണ് നഷ്ടമാവുന്നത്.
എന്നാല്‍ യുഎസിന്റെ പിന്മാറ്റം പെട്ടെന്നുണ്ടായതല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ പിന്മാറുന്നതായുള്ള സൂചന യുഎസ് നല്‍കിയിരുന്നു. 1948ല്‍ ലോകാരോഗ്യ സംഘടനയുടെ സ്ഥാപകാംഗമായ ശേഷം ഇതാദ്യമായാണ് യുഎസ് അംഗത്വം ഉപേക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പറയുന്ന കാരണം കൊവിഡിനെ സംബന്ധിച്ചാണ്. അതായത് കൊവിഡ് മഹാമാരിക്കാലത്തെ ലോകാരോഗ്യ സംഘടനയുടെ പരാജയങ്ങളാണ് പിന്മാറ്റ കാരണമെന്ന് റൂബിയോയും കെന്നഡിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞത്.
കൊവിഡിനെ ലോകാരോഗ്യ സംഘടന തെറ്റായി കൈകാര്യം ചെയ്തതെന്ന് ആരോപിച്ച് യുഎസ് എല്ലാ ധനസഹായവും നിര്‍ത്തിവച്ചിരുന്നു. മാത്രവുമല്ല 2020ല്‍ തന്നെ ഡബ്ല്യുഎച്ച്ഒയില്‍ നിന്ന് പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചന നല്‍കിയിരുന്നു. കൊവിഡ് സമയത്ത് സംഘടന ചൈന കേന്ദ്രീകൃതമാണെന്ന് ആരോപിച്ച ട്രംപ് ഒരു വര്‍ഷം മുമ്പ് പിന്‍വാങ്ങല്‍ സൂചിപ്പിക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഭാവിയിലുണ്ടായേക്കാവുന്ന മഹാമാരികളെ തടയാനും അതിനുള്ള തയ്യാറെടുപ്പിനും പ്രതികരണത്തിനുമായി ഡബ്ല്യുഎച്ച്ഒ മുന്നോട്ടുവച്ച അന്താരാഷ്ട്ര മഹാമാരി ഉടമ്പടി കഴിഞ്ഞ വർഷം ഏപ്രിലിൽ മറ്റെല്ലാ അംഗരാജ്യങ്ങളും അംഗീകരിച്ചപ്പോൾ, അമേരിക്ക അവഗണിക്കുകയാണ് ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും വലിയ സഹായദാതാവാണെങ്കിലും 2024, 2025 വർഷങ്ങളിലെ അംഗത്വ ഫീസ് യുഎസ് അടച്ചിരുന്നില്ല. ഇതും പിന്മാറ്റത്തിന്റെ സൂചനയായിരുന്നു
എന്നാല്‍ ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ അദാനോം ഗെബ്രിയേസസ് യുഎസിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു, പിന്മാറ്റത്തിലൂടെ നഷ്ടം യുഎസിന് മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."