ഫേസ്ബുക്കിലെ പരസ്യം കണ്ട് ലക്ഷങ്ങൾ നിക്ഷേപിച്ചു; സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട പ്രവാസിക്ക് ഒടുവിൽ നീതി
അബുദബി: സോഷ്യൽ മീഡിയയിലെ കണ്ണഞ്ചിക്കുന്ന പരസ്യങ്ങൾ കണ്ട് ട്രേഡിംഗിന് ഇറങ്ങിപ്പുറപ്പെടുന്നവർക്ക് വലിയൊരു പാഠമായി മാറിയിരിക്കുകയാണ് അബുദബിയിലെ പുതിയ കോടതി വിധി. ഒരു അംഗീകൃത ബ്രോക്കറുമായാണ് താൻ ഇടപാട് നടത്തുന്നതെന്ന് അന്തമായി വിശ്വസിച്ച് സമ്പാദ്യം മുഴുവൻ ഓൺലൈൻ തട്ടിപ്പുകാരന് കൈമാറിയ നിക്ഷേപകന് ഒടുവിൽ കോടതി വിധിയിലൂടെ നീതി ലഭിച്ചു. തട്ടിയെടുത്ത ഒരു ലക്ഷം ഡോളർ (ഏകദേശം 3.67 ലക്ഷം ദിർഹം) തിരികെ നൽകാനും ഇരയ്ക്കുണ്ടായ മാനസിക വിഷമത്തിന് 50,000 ദിർഹം അധികമായി നൽകാനും അബുദബി സിവിൽ കോടതി ഉത്തരവിട്ടു.
വൻ ലാഭം വാഗ്ദാനം ചെയ്യുന്ന സോഷ്യൽ മീഡിയ പരസ്യത്തിലൂടെയാണ് നിക്ഷേപകൻ ചതിക്കുഴിയിൽ വീണത്. പണം നൽകിയാൽ നിക്ഷേപകന്റെ പേരിൽ തന്നെ അക്കൗണ്ട് തുടങ്ങി ലാഭം കൊയ്തുതരാമെന്നായിരുന്നു തട്ടിപ്പുകാരന്റെ വാഗ്ദാനം. എന്നാൽ പണം കിട്ടിയതോടെ കക്ഷി ആ സാങ്കൽപ്പിക ട്രേഡിംഗ് അവസരം അവസാനിപ്പിച്ച് പണം സ്വന്തം കീശയിലാക്കി.
താൻ വഞ്ചിക്കപ്പെട്ടുവെന്ന് വൈകി തിരിച്ചറിഞ്ഞ നിക്ഷേപകൻ 605,000 ദിർഹം തിരികെ ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. പ്രതി മുമ്പ് ക്രിമിനൽ കോടതിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രേഖകളും അദ്ദേഹം ഹാജരാക്കി. തെളിവുകൾ പരിശോധിച്ച കോടതി, മറ്റൊരാളുടെ പണം നിയമവിരുദ്ധമായി കൈവശം വയ്ക്കാൻ ആർക്കും അവകാശമില്ലെന്ന യുഎഇ സിവിൽ നിയമം മുൻനിർത്തി പണം തിരികെ നൽകാൻ വിധിക്കുകയായിരുന്നു.
എങ്കിലും 65,000 ഡോളർ കൂടി അധികമായി വേണമെന്ന ഇരയുടെ ആവശ്യം കോടതി തള്ളി. ഇതിന് കൃത്യമായ തെളിവുകളില്ലെന്നാണ് ജഡ്ജിമാർ നിരീക്ഷിച്ചത്. പണം പോയതിലുള്ള സങ്കടവും നിരാശയും പരിഗണിച്ചാണ് 50,000 ദിർഹം നഷ്ടപരിഹാരമായി നിശ്ചയിച്ചത്. കൂടാതെ കേസ് നടത്താനായ ചിലവും പ്രതി തന്നെ നൽകണം. ചുരുക്കത്തിൽ, ലാഭം കൊയ്യാൻ പോയ ആൾക്ക് മുതലും പോയി, ഇപ്പോൾ കൈയിലുള്ള കാശും കൊടുത്ത് കോടതി കയറേണ്ട ഗതികേടിലുമായി.
an overseas expat who invested life savings after seeing a facebook ad lost lakhs in fraud but later secured legal relief as authorities investigated the scam ordered refunds and warned public against online investment traps across uae and india platforms
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."