പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളം സന്ദർശിക്കുന്നതിന് ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ബാനറുകളും കൊടികളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് പിഴയിട്ട് തിരുവനന്തപുരം കോർപറേഷൻ. പൊതുസ്ഥലത്ത് അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ചതിനാണ് 20 ലക്ഷം രൂപയുടെ പിഴ ചുമത്തിയത്. അനധികൃതമായി സ്ഥാപിച്ച ബോർഡുകളും മറ്റും നീക്കണമെന്ന് നിർദേശം നൽകിയിട്ടും പാലിക്കാത്തതിനാലാണ് സിറ്റി ജില്ലാ പ്രസിഡന്റിന് ബിജെപി തന്നെ ഭരിക്കുന്ന കോർപറേഷൻ നോട്ടിസ് നൽകിയത്.
വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. ഇതിന് മുന്നോടിയായി ബുധൻ, വ്യാഴം ദിവസങ്ങളിലായാണു നിരവധി ഫ്ലെക്സ് ബോർഡുകൾ നഗരത്തിൽ ഉടനീളം പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങൾ ഉൾപ്പെടുന്ന ഫ്ലെക്സ് ബോർഡുകളാണ് സ്ഥാപിച്ചത്. റോഡിന് നടുവിൽ ഡിവൈഡറിലും നടപ്പാതയിലും ഉൾപ്പെടെയാണ് ബാനറുകൾ സ്ഥാപിച്ചത്. ഇതോടെ ജനം പരാതിയുമായി എത്തി. പിന്നാലെ രണ്ട് മണിക്കൂറിനുള്ളിൽ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോർപറേഷൻ കത്ത് നൽകി.
എന്നാൽ നടപ്പാതയ്ക്കു കുറുകെ സ്ഥാപിച്ച ബോർഡുകൾ പരാതിക്ക് പിന്നാലെ മാറ്റിയതൊഴിച്ചാൽ കാര്യമായ ഇടപെടൽ പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. പിന്നാലെ, പ്രധാനമന്ത്രി സഞ്ചരിച്ച വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള റോഡിൽ സ്ഥാപിച്ച ബോർഡുകളുടെയും മറ്റും കണക്ക് എടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോർപറേഷൻ സെക്രട്ടറി 20 ലക്ഷം രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകിയത്.
നോട്ടീസിനോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. നോട്ടിസിന് മറുപടി നൽകിയില്ലെങ്കിൽ നിശ്ചിത ദിവസങ്ങൾക്കകം വീണ്ടും നോട്ടിസ് നൽകും. ഇതിനും മറുപടി ഇല്ലെങ്കിൽ രണ്ടു തവണ ഹിയറിങ് നടത്തണം. ഇതിലേക്ക് എത്തിയില്ലെങ്കിൽ, ജപ്തി നടപടികളിലേക്കു കടക്കും.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്താവള സ്വീകരണ ചടങ്ങിൽ നിന്ന് കോർപറേഷൻ മേയർ വി.വി രാജേഷിനെ ഒഴിവാക്കിയിരുന്നു. ബിജെപിയിലെ വിഭാഗീയതയുടെ ഭാഗമാണ് സംഭവം എന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം കോർപറേഷൻ ഭരണം ബി.ജെ.പി പിടിച്ചാൽ, ഔദ്യോഗിക വസ്ത്രമണിഞ്ഞ് മേയർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്തെ ബിജെപിയുടെ പ്രചാരണം.
തിരുവനന്തപുരത്തിന്റെ പ്രഥമ പൗരനെ അവഗണിച്ചത് നഗരവാസികളെയും ഫെഡറൽ സംവിധാനങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. ബി.ജെ.പിയിലെ ആഭ്യന്തര കലഹമാണോ മേയറെ മാറ്റിനിർത്താൻ കാരണമെന്ന് മന്ത്രി ചോദിച്ചു. വി.വി. രാജേഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മാത്രം സ്റ്റാറ്റസ് ഇല്ലാത്ത വ്യക്തിയാണോ എന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കുന്ന കാര്യത്തിൽ ബി.ജെ.പി പതിവ് രീതി തന്നെയാണ് പിന്തുടരുന്നത്. നഗരസഭയുടെ പ്രോട്ടോക്കോൾ ലംഘനം വഴി ജനാധിപത്യപരമായ മര്യാദകളാണ് കാറ്റിൽ പറത്തപ്പെട്ടതെന്നും അദ്ദേഹം വിമർശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."