ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി
ദുബൈ: നഗരത്തിലെ പ്രമുഖ ക്രിയേറ്റീവ് ഡിസ്ട്രിക്റ്റായ അല്‍ ഖൂസിലെ (Al Quoz Creative Zone) യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുമായുള്ള സുപ്രധാന പദ്ധതികള്‍ പൂര്‍ത്തിയായി. കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും മുന്‍ഗണന നല്‍കുന്ന തരത്തില്‍ വികസിപ്പിച്ചെടുത്ത അടിസ്ഥാന സൗകര്യ പാക്കേജുകള്‍ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പ്രഖ്യാപിച്ചു.
കലയുമായി ഇണങ്ങിച്ചേരുന്ന ആര്‍ട്ടിസ്റ്റിക് പാലം അല്‍ മനാറ സ്ട്രീറ്റില്‍ വര്‍ണ്ണാഭമായ ചുവര്‍ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച 45 മീറ്റര്‍ നീളമുള്ള പുതിയ പാലമാണ് പദ്ധതിയിലെ പ്രധാന ആകര്‍ഷണം. സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന ഈ പാലത്തിനൊപ്പം 210 മീറ്റര്‍ നീളമുള്ള രണ്ട് ആക്‌സസ് റാംപുകളുമുണ്ട്. കലാപരമായ ചുറ്റുപാടുകളോട് നീതി പുലര്‍ത്തുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന.
കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാന്‍ മൊബിലിറ്റി ഹബ്ബുകള്‍ അല്‍ ഖൂസ് ക്രിയേറ്റീവ് സോണിനെ ഓണ്‍പാസ്സീവ് (അല്‍ സഫ) മെട്രോ സ്റ്റേഷന്‍, അല്‍ ഖൂസ് ബസ് സ്റ്റേഷന്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന വിപുലമായ ശൃംഖലയാണ് സജ്ജമാക്കിയിരിക്കുന്നത്.
4 കിലോമീറ്റര്‍ നീളമുള്ള കാല്‍നട- സൈക്ലിംഗ് ട്രാക്കുകള്‍, ഇസ്‌കൂട്ടറുകളും ഇബൈക്കുകളും തുടങ്ങിയ 'ലാസ്റ്റ് മൈല്‍ ട്രാന്‍സ്‌പോര്‍ട്ട്' സൗകര്യങ്ങളുള്ള മൂന്ന് മൊബിലിറ്റി ഹബ്ബുകള്‍ എന്നിവയും ഇതിന്റെ ഭാഗമാണ്.
സാംസ്‌കാരിക പൂരങ്ങള്‍ക്ക് 'സൂപ്പര്‍ ബ്ലോക്കുകള്‍'
അല്‍ ഖൂസില്‍ 'സൂപ്പര്‍ ബ്ലോക്‌സ്' (Super Blocks) എന്ന പുതിയ പദ്ധതിയോടും ആര്‍.ടി.എ താല്‍പ്പര്യം പ്രകടിപ്പിച്ചു. കലാപരിപാടികള്‍ക്കും സാംസ്‌കാരിക ഉത്സവങ്ങള്‍ക്കുമായി ചില റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടുകയും അവ കാല്‍നടയാത്രക്കാര്‍ക്ക് മാത്രമായുള്ള മേഖലകളാക്കി മാറ്റുകയും ചെയ്യുന്നതാണ് ഈ പദ്ധതി. ഇന്ന് തുടങ്ങുന്ന 'അല്‍ ഖൂസ് ആര്‍ട്‌സ് ഫെസ്റ്റിവല്‍' പോലുള്ള പരിപാടികള്‍ക്ക് ഇത് ഏറെ ഗുണകരമാകും.
ദുബൈ അര്‍ബന്‍ പ്ലാന്‍ 2040ന്റെ ഭാഗമായ '20 മിനിറ്റ് സിറ്റി' എന്ന ആശയത്തെയാണ് ഈ പദ്ധതികള്‍ പിന്തുണയ്ക്കുന്നതെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.
സര്‍ഗ്ഗാത്മക മേഖലയിലെ തൊഴിലാളികളുടെ എണ്ണം 900ല്‍ നിന്ന് 20,000 ആയി ഉയര്‍ത്താനാണ് അല്‍ ഖൂസ് മാസ്റ്റര്‍ പ്ലാന്‍ ലക്ഷ്യമിടുന്നത്.
സര്‍ഗ്ഗാത്മകതയെ ദുബൈയുടെ പ്രധാന സാമ്പത്തിക ചാലകമായി മാറ്റാനുള്ള ശ്രമങ്ങളുടെ കേന്ദ്രബിന്ദുവാണ് അല്‍ ഖൂസ് എന്ന് ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹല അല്‍ ബദ്രി വ്യക്തമാക്കി.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍:
* 8,000 സ്ഥിരതാമസക്കാരെയും പ്രതിദിനം 33,000 സന്ദര്‍ശകരെയും ഉള്‍ക്കൊള്ളാന്‍ സോണിന് ശേഷിയുണ്ടാകും.
* കലാകാരന്മാര്‍ക്കായി താങ്ങാനാവുന്ന നിരക്കില്‍ 2,900 ഭവന യൂണിറ്റുകള്‍.
* സ്റ്റുഡിയോകള്‍ക്കും വര്‍ക്ക്‌ഷോപ്പുകള്‍ക്കും പത്തിരട്ടി കൂടുതല്‍ സ്ഥലം.
* തണലൊരുക്കുന്ന ഇടവഴികള്‍, പബ്ലിക് പ്ലാസകള്‍, ശില്പങ്ങള്‍, കലാ പാതകള്‍ എന്നിവ സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."