മേഘാലയിൽ അനധികൃത കാൽക്കരി ഖനിയിൽ സ്ഫോടനം; 18 തൊഴിലാളികൾ കൊല്ലപ്പെട്ടു
ഷില്ലോങ്ങ്: മേഘാലയിൽ അനധികൃത കാൽക്കരി ഖനിയിൽ സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു. ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ തങ്‌സ്കു മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. കോടണത്തിൽ പരുക്കേറ്റ ആളുകളെ സിലോങ്ങിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. സ്ഫോടനം നടക്കുന്ന സമയങ്ങളിൽ ഖനിക്കുള്ളിൽ ഉണ്ടായിരുന്ന തൊഴിലാളികളുടെ എണ്ണം കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സ്ഫോടനം എങ്ങനെയാണ് ഉണ്ടായതെന്നതിനെക്കുറിച്ചുള്ള കൃത്യമായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ദേശീയ ഹരിത ട്രൈബ്യൂണലും സുപ്രീംകോടതിയും നിരോധിച്ച റാറ്റ് ഹോൾ മാതൃകയിൽ പ്രവർത്തിച്ചിരുന്ന ഖനിയിലാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. കൽക്കരി പുറത്തെടുക്കുന്നതിനുവേണ്ടി ഒരാൾക്ക് മാത്രം കടന്നു ചെല്ലാൻ സാധിക്കുന്ന 3-4 അടി മാത്രം ഉയരമുള്ള ഇടുങ്ങിയ തുരങ്കങ്ങൾ നിർമ്മിക്കുന്ന രീതിയിലാണ് റാറ്റ് ഹോൾ ഖനനം.
അതേസമയം അപകടത്തിൽ മേഘാലയ ഹൈക്കോടതി സ്വമേധയാ കേസ് രേഖപ്പെടുത്തി. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ജസ്റ്റിസുമാരായ എച്ച് എസ് തങ്‌ഖീവ് ഡബ്യൂ ഡിയെങ്ഡോ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് എടുത്തത്. അനധികൃത ഖനനത്തിന് ഉത്തരവാദികളായ ആളുകളെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഈ വിഷയത്തിൽ ജില്ലാ പൊലിസ് സൂപ്രണ്ട്, ഡെപ്യൂട്ടി കമ്മീഷണർ എന്നിവർ ഫെബ്രുവരി ഒമ്പതിന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ഹൈകോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."