നൂതന കർമപദ്ധതികൾ സമർപ്പിച്ച് സമസ്തയുടെ പോഷക സംഘടനകൾ; ലക്ഷ്യം,പുതു ചുവട്
കുണിയ: മത- ഭൗതിക മേഖലകളിൽ നൂതന ആശയങ്ങളുടെ കർമപദ്ധതികൾ സമർപ്പിച്ച് സമസ്തയുടെ പോഷക സംഘടനകൾ. നൂറാം വാർഷിക മഹാസമ്മേളനത്തിന്റെ രണ്ടാംദിനത്തിൽ നടന്ന നേതൃസംഗമത്തിലാണ് സമസ്തയുടെ 14 പോഷക സംഘടനകൾ പദ്ധതികൾ സമർപ്പിച്ചത്. ഇവ കേന്ദ്ര മുശാവറ പരിശോധിച്ച് മികച്ചവ സമ്മേളനത്തിൽ പ്രഖ്യാപിക്കും.
സമസ്ത കേരള ഇസ് ലാമത വിദ്യാഭ്യാസ ബോർഡ് 10ഇന പദ്ധതികളാണ് സമർപ്പിച്ചത്. ഇതിൽ അഞ്ച് പുതിയ വിദ്യാഭ്യാസ പദ്ധതികളുൾപ്പെടും. ദേശീയ, അന്തർ ദേശീയ തലത്തിലും വിദ്യാഭ്യാസ ബോർഡിന് കമ്മിറ്റി രൂപീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഗുരുമുഖ അധ്യാപനം, മദ്‌റയിലെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനുള്ള മാർഗങ്ങൾ, വയോജന വിദ്യാഭ്യാസ പദ്ധതി, പള്ളി ദർസുകളുടെ പ്രാധാന്യം വർധിപ്പിക്കാനുള്ള ഉപരി പഠന കോഴ്‌സുകൾ, സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പദ്ധതി, ഹെറിട്ടേജ് മ്യൂസിയം തുടങ്ങിയവയും പദ്ധതികളിലുണ്ട്.
നൂറ് വീടുകളുടെ പൂർത്തീകരണം, പുതിയ വീടുകൾക്കുള്ള സ്ഥലമെടുപ്പ്, പുസ്തക പ്രസിദ്ധീകരണം, റെയ്ഞ്ച് തലത്തിൽ തലമുറ സംഗമം, ജില്ലാ അടിസ്ഥാനത്തിൽ ഡയാലിസിസ് സെന്റർ, മരണപ്പെട്ട മുഅല്ലിംകളുടെ വിധവകൾക്ക് പെൻഷൻ, വിവാഹം, കുടുംബം തുടങ്ങിയവ മുൻനിർത്തിയുള്ള പ്രത്യേക ഫാമിലി പാരന്റിങ് കോഴ്‌സ്, പലശ രഹിത വായ്പ പദ്ധതി വിപുലീകരണം, വഖ്ഫ് ബോർഡ് രജിസ്‌ട്രേഷൻ ബോധവത്കരണം, മദ്‌റസകളുടെ റെക്കോർഡുകൾ സൂക്ഷിക്കൽ പദ്ധതി, അധ്യാപകരുടെ ശമ്പള പരിഷ്‌കരണ പദ്ധതി, ഓഫിഷ്യൽ ആപ്പ്, സ്‌കോളർഷിപ്പ്, മദ്‌റസ ക്ലാസ് മുറികൾ ഡിജിറ്റൽ ചെയ്യുന്ന പദ്ധതി, മഹല്ലുകൾ കേന്ദ്രീകരിച്ച് സർക്കാർ ഉദ്യോഗസ്ഥ കൂട്ടായ്മ രൂപീകരിക്കും. പുതിയ തലമുറയ്ക്ക് തൊഴിൽ കേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതികളടക്കം സമർപ്പിക്കപ്പെട്ട പദ്ധതികളിലുണ്ട്.
ഡോ. എൻ.എ.എം അബ്ദുൽ ഖാദർ (എസ്.കെ.ഐ.എം.വി.ബി), കൊടക് എം. അബ്ദുറഹ്‌മാൻ മുസ്‌ലിയാർ (എസ്.കെ.ജെ.എം.സി.സി), യു. മുഹമ്മദ് ഷാഫിഹാജി ചെമ്മാട് (എസ്.എം.എഫ്), സുലൈമാൻ ദാരിമി ഏലംകുളം (എസ്.കെ.ജെ.ക്യൂ), സി.കെ മൊയ്തീൻ ഫൈസി (ജംഇയ്യതുൽ മുദരിസ്സീൻ), ഇ. മൊയ്തീൻ ഫൈസി പുത്തനഴി, അഡ്വ. നാസർ (എസ്.കെ.എം.എം.എ), കെ.എച്ച് കോട്ടപ്പുഴ (ജംഇയ്യതുൽ മുഫദ്ദിശീൻ), ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ് (എസ്.വൈ.എസ്), ആഷിഖ് കുഴിപ്പുറം (എസ്.കെ.എസ്.എസ്.എഫ്), ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി (എസ്.ഇ.എ), കെ.എം കുട്ടി ഫൈസി ദുബൈ (എസ്.ഐ.സി), ഇസ്മാഈൽ കുഞ്ഞുഹാജി മാന്നാർ (എസ്.പി.സി), കെ.ടി കുഞ്ഞുമോൻ ഹാജി വാണിയമ്പലം (ലീഗൽ സെല്ല്), അലി ഉനൈസ് ജമലുല്ലൈലി തങ്ങൾ (എസ്.കെ.എസ്.ബി.വി) പദ്ധതികൾ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."