പന്തീരാങ്കാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മഹാരാഷ്ട്രയിലെ ചേരിയില്‍ എത്തി പ്രതിയെ പിടികൂടി പൊലിസ്
കോഴിക്കോട്: പന്തീരാങ്കാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശിയായ സുഹൈൽ (20) ആണ് കോഴിക്കോട് പന്തീരാങ്കാവ് പൊലിസിന്റെ പിടിയിലായത്. മഹാരാഷ്ട്രയിലെ ഒരു ചേരി പ്രദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:
കുടുംബത്തോടൊപ്പം പന്തീരാങ്കാവിൽ താമസിക്കുന്ന പതിനാറുകാരിയായ യുപി സ്വദേശിനിയെയാണ് സുഹൈൽ പീഡനത്തിന് ഇരയാക്കിയത്. ഇരുവരും നേരത്തെ പരിചയക്കാരായിരുന്നു. പെൺകുട്ടിയെ കാണാനായി പന്തീരാങ്കാവിലെത്തിയ പ്രതി, വീട്ടിൽ ആരുമില്ലാത്ത സമയങ്ങൾ നോക്കി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.
പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ സുഹൈൽ ഒളിവിൽ പോയി. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ പന്തീരാങ്കാവ് പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
സിനിമയെ വെല്ലുന്ന തിരച്ചിൽ
അറസ്റ്റ് ഒഴിവാക്കാൻ സുഹൈൽ തന്റെ മൊബൈൽ ഫോണും സിം കാർഡും ഉപേക്ഷിച്ചിരുന്നു. ഇത് പൊലിസിന് വലിയ വെല്ലുവിളിയായെങ്കിലും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിൽ ഇയാൾ മഹാരാഷ്ട്രയിലുണ്ടെന്ന് കണ്ടെത്തി.
മഹാരാഷ്ട്രയിലെ പാന്തർപുർ എന്ന സ്ഥലത്ത് ഉത്തർപ്രദേശ് സ്വദേശികൾ മാത്രം താമസിക്കുന്ന ഒരു ചേരിയിലായിരുന്നു പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്.പന്തീരാങ്കാവ് പൊലിസ് സംഘം അവിടെയെത്തി സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.പ്രതിയെ കോഴിക്കോട് എത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്സോ (POCSO) വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."