ആലിന്‍ ഷെറിന് കേരളത്തിന്റെ ആദരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്, പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ എടുത്ത തീരുമാനം കേരളത്തിന് വലിയൊരു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.
വാഹനാപകടത്തില്‍ പരുക്കേറ്റ് എറണാകുളം അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ആലിനു കഴിഞ്ഞദിവസം മസ്തിഷ്‌ക മരണം സംഭവിച്ചതോടെ പിതാവ് കുഞ്ഞോമനയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയാറാകുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകീട്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി വൃക്കകള്‍, ഹൃദയ വാല്‍വ്, കരള്‍, നേത്രപടലം എന്നിവയാണ് പുറത്തെടുത്തത്. കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സര്‍ക്കാര്‍ സംവിധാനമായ കെസോട്ടോ വഴിയാണ് പ്രക്രിയ ഏകോപിപ്പിച്ചത്. ആലിന്‍ ദാനം ചെയ്യുന്ന ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും കിഡ്‌നി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കുമാണ് എത്തിച്ചത്. കൂടാതെ കുട്ടിയുടെ കണ്ണുകള്‍ നേത്രബാങ്കിനും കൈമാറി. എറണാകുളം അമൃത ആശുപത്രിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് അവയവങ്ങള്‍ കൊണ്ടുപോയത്. വൈറ്റില വഴി ചങ്ങനാശ്ശേരി -കേട്ടയം വഴി ഗതാഗതനിയന്ത്രണങ്ങള്‍ ഒരുക്കിയാണ് അവയവങ്ങള്‍ രാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ചത്. രാത്രി ഒമ്പതരയോടെ അമൃത ആശുപത്രിയില്‍ ആലിന് ഗാര്‍ഡ് ഓഫ് ഓണറും നല്‍കിയാണ് അന്ത്യാഭിവാദ്യം നല്‍കി യാത്രയാക്കിയത്.
കോട്ടയം ചിങ്ങവനത്ത് ഫെബ്രുവരി അഞ്ചിന് കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മല്ലപ്പള്ളി പഞ്ചായത്ത് ഷോപ്പിങ്ങ് സെന്ററില്‍ അക്ഷയ കേന്ദ്രം നടത്തുന്ന മൂന്‍ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേലിന്റെ മകന്‍ അരുണ്‍ ഏബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും ഏകമകളാണ് ആലിന്‍ ഷെറിന്‍ എബ്രഹാം. എം.സി റോഡില്‍ പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപമായിരുന്നു അപകടം.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
കോട്ടയത്തുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേര്‍പിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങള്‍ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവ ദാനം ചെയ്യാന്‍ അച്ഛന്‍ അരുണ്‍ എബ്രഹാമും അമ്മ ഷെറിന്‍ ആന്‍ ജോണും തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ മാറി. ഇതുവഴി 5 പേര്‍ക്കാണ് പുതുജീവന്‍ ലഭിച്ചിരിക്കുന്നത്.
ഹെലികോപ്റ്റര്‍ മുഖേന അവയവങ്ങള്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയില്‍ സിവില്‍ ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ റോഡ് മാര്‍ഗം കൊണ്ട് വരാന്‍ തിരുമാനിച്ചു. അതേറ്റവും വേഗത്തില്‍ എത്തിക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ എടുത്ത് യാത്ര സുഗമമാക്കിയ പോലീസിനേയും അതിനോട് സഹകരിച്ച ജനങ്ങളേയും അഭിനന്ദിക്കുന്നു.
ഇന്നലെ തന്നെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കേണ്ടതുള്ളത് കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്താനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കി. ആലിനില്‍ നിന്നും സ്വീകരിച്ച അവയവങ്ങള്‍ നിലവില്‍ 2 കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്ന വിവരമാണ് ആശുപത്രി അധികൃതരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
ഈ മഹത്തായ ഉദ്യമം വിജയകരമാക്കാന്‍ യത്‌നിച്ച ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് , ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ - സ്വകാര്യ മേഖലകള്‍ തമ്മിലുണ്ടായ സഹകരണം എടുത്തു പറയേണ്ട കാര്യമാണ്. അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിന്‍ ഷെറിന്റെ മാതാപിതാക്കള്‍. അവരുടെയും ഈ നാടിന്റേയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍. ആലിന് നമ്മുടെ നാട് ഔദ്യോഗിക ബഹുമതികള്‍ നല്‍കി യാത്രയാക്കും.
Ten-month-old Alain Sherin Abraham, who suffered brain death following a road accident in Pathanamthitta district, will be laid to rest with official honours, Kerala Chief Minister Pinarayi Vijayan announced in a heartfelt note.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."