ഹജ്ജ്: സ്‌നേഹത്യാഗത്തിന്റെ വിജയപ്രവാഹം
ഓരോ വിശ്വാസിയുടെയും അധരങ്ങളില്‍ നിന്നും പ്രവഹിക്കുന്ന ലബ്ബൈക്കയുടെ മന്ത്രോച്ചാരണങ്ങളുമായി അവര്‍ അല്ലാഹുവിലേക്ക് തീര്‍ഥയാത്ര ചെയ്യുകയാണ്. ദേഹി തന്റെ പ്രേയസിയെ തേടി നടക്കുന്ന ആത്മീയയാത്ര. ആഢംബരത്തിന്റെ ഉടയാടകള്‍ അറുത്തുമാറ്റി, സഹനത്തിന്റെ ഊര്‍ജം ഖല്‍ബില്‍ നിറച്ച്, ഫഖീറായി, ഇലാഹിനോടുള്ള പ്രേമലഹരിയില്‍ സ്വയമലിഞ്ഞില്ലാതെയായി, ദേഹി തന്റെ അസ്തിത്വത്തിന്റെ അരികില്‍ സുഖസമാഗമനത്തിന്റെ അനുഭൂതി ആസ്വദിക്കാന്‍ അലഞ്ഞെത്തുകയാണ്.
അല്ലാഹുവിനെ പ്രേമിക്കുന്നവര്‍ പ്രേമാധിക്യത്താല്‍ ചുറ്റിയലയുന്നത് വീക്ഷിക്കാന്‍ അല്ലാഹു ആഗ്രഹിക്കുകയും അതിനു ഹജ്ജിനെ ഒരു മാര്‍ഗമാക്കുകയും ചെയ്തിരിക്കുന്നു. സര്‍വബന്ധവും ഉപേക്ഷിച്ച് നാട്, വീട്, കുടുംബം ഇവയില്‍നിന്നെല്ലാം അകന്നുമാറി പ്രിയന്റെ നഗരിയിലേക്ക് ...
അല്ലാഹുവിനെ തേടിയുള്ള യാത്രയില്‍ പ്രവേശിക്കുന്നവനെ അല്ലാഹു സഹായിക്കുന്നതാണ്. വഴിയിലുടനീളം പ്രതിബന്ധങ്ങളുടെ തീരാകയങ്ങളുണ്ടാകും. പക്ഷെ, അവയെല്ലാം പ്രേമാഗ്നിയില്‍ കത്തിയമര്‍ന്നില്ലാതാവുമ്പോഴാണ് യാത്രികന്റെ, ഒരു തീര്‍ഥാടകന്റെ മനസ് സ്രഷ്ടാവിലെത്താന്‍ പാകപ്പെടുന്നത്.
സ്‌നേഹത്തിന്റെ സമാഗമത്തിനുവേണ്ടി വഴിദൂരങ്ങള്‍ താണ്ടിക്കടന്നു വരുന്ന തീര്‍ഥാടകന്റെ ചുണ്ട് മന്ത്രിച്ചുകൊണ്ടിരിക്കും 'നാഥാ, ഞാനിതാ നിന്റെ വിളിക്കുത്തരം നല്‍കി വന്നിരിക്കുന്നു'. അന്വേഷിച്ചലഞ്ഞ് മഹ്ബൂബിന്റെ നാട്ടില്‍ നാം എത്തിച്ചേരുന്ന ഒരു മുഹൂര്‍ത്തമുണ്ട്. മരണത്തിന് മുന്‍പെ സ്വര്‍ഗത്തിലെത്തുന്നപോലെ. പ്രേയസിയുമായുള്ള കൂടിക്കാഴ്ചയില്‍ ഏതു കാമുകന്റെ കാലുകളാണ് തെന്നിപ്പോവാത്തത്. സിനായ് ഗിരിനിരയില്‍ മൂസാ നബിയുടെ കാലുപോലും ഉറച്ചു നിന്നില്ലല്ലോ.
റുഖുനുല്‍ അസ്‌വദെന്ന ഭാഗത്ത് സ്ഥിരപ്രതിഷ്ടിതമായ ഹജറുല്‍ അസ്‌വദെന്ന സ്വര്‍ഗശില. അതിനെ അരുമയോടെ ചുംബിക്കുമ്പോള്‍ ചുണ്ടുകള്‍ പതിയുന്നത് കേവലം ഒരു ജീവനില്ലാത്ത ശിലയിലല്ല. ആലമുല്‍ അര്‍വാഹില്‍ വച്ച് ഞാന്‍ നിങ്ങളുടെ നാഥനല്ലേ എന്നു ചോദിച്ചപ്പോള്‍ അതെ.! എന്നു പ്രത്യുത്തരം നല്‍കിയ കരാര്‍രേഖയുണ്ട് ഈ ശിലയില്‍. അതായത് ഹജറുല്‍ അസ്‌വദിനെ ചുംബിക്കുമ്പോഴും സ്ഥലകാല ബോധതലങ്ങളുടെ അങ്ങേയറ്റത്ത് കാലംപോലും തരിച്ചുനില്‍ക്കുന്ന നമ്മുടെ അസ്തിത്വത്തിന്റെ മുകളിലാണത്. ആ ഓര്‍മകള്‍ വിശ്വാസിയുടെ ചുണ്ടുകളില്‍നിന്ന് വിദ്യുത്തരംഗം പോലെ ശരീരകോശങ്ങളിലേക്ക് പടര്‍ന്നുകയറണം.
പ്രവാചകന്‍ (സ) ഹജറുല്‍ അസ്‌വദില്‍ അധികനേരം അവിടത്തെ അനുഗ്രഹീതമായ അധരപുടങ്ങള്‍ വച്ചുകൊണ്ടിരിക്കാറുണ്ട്. അപ്പോഴെല്ലാം പ്രവാചകന്റെ നയനങ്ങളില്‍ നിന്ന് അശ്രുകണങ്ങള്‍ തുള്ളിത്തുളുമ്പി അരുവിയായി ഒഴുകിക്കൊണ്ടേയിരുന്നു. അതുകണ്ട് ഉമര്‍(റ) പലപ്പോഴും കരയാറുണ്ടായിരുന്നു. അപ്പോള്‍ പ്രവാചകന്‍ (സ) പറയുമായിരുന്നു. 'ഉമര്‍, ഇതു കണ്ണീര് ഒലിച്ചിറങ്ങേണ്ട സ്ഥലമാണ്'. കഅ്ബയുടെ വാതിലിന്റെയും ഹജറിന്റെയും ഇടയിലെ 'മുല്‍തസം'. പ്രാര്‍ഥനയ്ക്കു ഉത്തരം ലഭിക്കുന്ന സ്ഥലം. പ്രവാചകനും (സ) അനുചരരുമെല്ലാം ഏറെനേരം അവിടെ മുഖം ചേര്‍ത്തു നില്‍ക്കാറുണ്ട്. കഅ്ബയുടെ വാതിലിനു താഴെ പടിയില്‍ തലവച്ച് കരയണം. ഉടമ അടിമയോട് അലിവു കാണിക്കുന്ന മുഹൂര്‍ത്തമാണത്. പിഴവുകള്‍ ഓരോന്നും എടുത്തുപറഞ്ഞ് കരയണം. കരഞ്ഞുകരഞ്ഞ് കണ്ണു കലങ്ങി ഹൃദയം ലയിച്ച് അല്ലാഹുവില്‍ അലിഞ്ഞുചേരണം. മക്കയില്‍ എത്തുന്ന ഓരോ തീര്‍ഥാടകനും ഏക ഇലാഹിനെ തേടുകയാണ്. അവനോടുള്ള സ്‌നേഹം നഷ്ടമാകുമോ എന്നോര്‍ത്ത് വിതുമ്പുകയാണ്. അവനോട് ചെയ്ത തെറ്റുകള്‍ ഓര്‍ത്തു പിടയുകയാണ്.
കഅ്ബയുടെ മുറ്റത്ത് മത്വാഫിലൂടെ എല്ലാം മറന്നു അലയണം. തേട്ടത്തിന്റെ ഗദ്ഗദം ഹൃദയത്തെ പിടിച്ചുലക്കണം. എവിടെയാണ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നോര്‍ത്ത് തരിക്കണം ശരീരം. ജാഡകളുടെ ഉടയാടകള്‍ വലിച്ചെറിഞ്ഞ് രണ്ടു തുണിയില്‍ ത്വവാഫ് ചെയ്യുകയാണ് തീര്‍ഥാടകന്‍. പ്രാര്‍ഥനാവചസുമായി അലയുന്ന പഥികനെപ്പോലെ... പിന്നെ സര്‍വരക്ഷിതാവിന്റെ വീടിനെ വലയം വയ്ക്കണം. ഇലയനക്കങ്ങള്‍ പോലും അറിയുന്ന രക്ഷിതാവ് ഇതും കാണുന്നുവെന്ന ചിന്ത മനസിനെ മഥിക്കണം. ആ തിരക്കില്‍, ത്വവാഫിന്റെ ഭ്രമണത്തില്‍, ആ ചാക്രിക പ്രവാഹത്തില്‍ നാം നമ്മെത്തന്നെ മറക്കുന്ന ഒരവസ്ഥ.
മധ്യാഹ്ന സൂര്യന്‍ അറഫാ മലമുകളില്‍ ജ്വലിക്കുമ്പോള്‍ ഓര്‍ക്കണം, മഹ്ശറയിലെ മഹാസംഗമത്തെ. കണ്ണുകളുയര്‍ത്തി കൈകളുയര്‍ത്തി വിലപിക്കണം. ചൂടിന്റെ കാഠിന്യത്തില്‍ ഒരിറ്റു വെള്ളമില്ലാതെ ഒരുനാള്‍ മഹ്ശറയില്‍ നിന്ന് വിലപിക്കുന്ന സന്ദര്‍ഭത്തെ ഓര്‍ത്തെടുക്കണം. ആ ഓര്‍മകള്‍ നമ്മുടെ അറഫയെ പ്രചോദിപ്പിക്കണം. മനമുരുകി പ്രാര്‍ഥിച്ച് അനുവാദം ചോദിച്ചാല്‍ വാതിലുകള്‍ തുറക്കാതിരിക്കില്ല. പിന്നെ, ഇലാഹിനെ നേരില്‍ കാണുന്നതിനു വിഘ്‌നം നില്‍ക്കുന്ന മറയാണ് പിശാച്. ജംറകളില്‍ അവനെ ആട്ടിയോടിക്കണം, ഒപ്പം നമ്മുടെ ഹൃദയങ്ങളില്‍ നിന്നും. ഹൃദയത്തിലെ അവസാനത്തെ മറയും ജംറകളില്‍ വലിച്ചുകീറിയെറിയണം. ഒടുവില്‍ നാം തേടുന്ന ആ സത്തയെ നേരില്‍കാണാന്‍ കഴിയുന്ന ഹൃദയം നമുക്കു വന്നുചേരും. ഉമ്മ പ്രസവിച്ച കുഞ്ഞിനെപ്പോലെ... സ്‌നേഹത്യാഗത്തിന്റെ വിജയപ്രവാഹം അതോടെ വന്നുചേരുകയായി...
ഖലീലുല്ലാഹി തന്റെ മകനെ ആത്മസമര്‍പ്പണം ചെയ്ത സ്മരണയില്‍ ബലിപെരുന്നാള്‍ വിരുന്നെത്തുകയാണ്. ദുനിയാവിന്റെ അലങ്കാരമായ മകനെ വേണോ, അതോ അല്ലാഹുവിനെ വേണോ എന്ന ചോദ്യത്തിനു മുന്‍പില്‍ പിശാച് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും അല്ലാഹുവിനെ തിരഞ്ഞെടുത്ത ഖലീല്‍.
പുണ്യനബി (സ) പറഞ്ഞു. പുഞ്ചിരി പുണ്യമാണ്. സത്യവിശ്വാസിയുടെ മുഖം പ്രസാദമായിരിക്കണം. സൗമ്യതയുടെ സാന്നിധ്യം സര്‍വതിനും സൗന്ദര്യമുണ്ടാക്കുന്നു. അല്ലാഹു സൗമ്യനാണ്. അവന്‍ സൗമ്യതയെ ഇഷ്ടപ്പെടുന്നു. നമ്മുടെ സമ്പത്തില്‍ നിന്ന് നാം സ്വദഖ ചെയ്യണം. ബലിയറുത്ത് പുണ്യം നേടണം. അബൂദര്‍റില്‍ ഖിഫാരിയുടെ ചരിത്രം ഓര്‍മകളില്‍ അലയടിക്കണം. സമ്പന്നതയുടെ ഒരു ഭൂതകാലം അബൂദര്‍റിനുണ്ടായിരുന്നു. ഒടുവില്‍ റബ്ദ എന്ന മണല്‍കാട്ടില്‍ വച്ച് ആ മഹാന്‍ വിടവാങ്ങി. ജനാസ മറക്കാന്‍ ഒരു തുണി പോലുമില്ലാതെ.
കുടുംബബന്ധത്തിന്റെ ശ്രേഷ്ഠതയെ വേണ്ടവിധം മനസിലാക്കണം. കൂട്ടുകാരുമായി സന്തോഷം പങ്കുവയ്ക്കണം. ലോകമുസ്‌ലിംകളുടെ നന്മയ്ക്കുവേണ്ടി ഉള്ളുരുകി പ്രാര്‍ഥിക്കണം. പോയകാല നേതൃത്വങ്ങളെ വിസ്മരിക്കരുത്. അവര്‍ കാത്തിരിക്കുന്നുണ്ടാവും നമ്മുടെ പ്രാര്‍ഥനയ്ക്കായി. സമാധാനത്തിനുവേണ്ടി നിലകൊള്ളുക. ഭീകരവാദ ചിന്തകളില്‍ നിന്ന് ഹൃദയം വിമലീകരിക്കുക.നാഥന്‍ തുണക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."