നടി രന്യ റാവു കടത്തിയത് 102 കോടി രൂപയുടെ സ്വർണം; കുറ്റപത്രം സമർപ്പിച്ച് ഇ.ഡി
ബെംഗളൂരു: കന്നഡ സിനിമ നടിയും കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവുവിന്റെ വളർത്തു മകളുമായ രന്യ റാവുവിനെതിരെ സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 127 കിലോഗ്രാം സ്വർണം ഇന്ത്യയിലേക്ക് കടത്തിയാതായി കുറ്റപത്രത്തിൽ പറയുന്നു. 102 കോടി രൂപ വില വരുന്ന ഈ സ്വർണം വിവിധ ജ്വല്ലറികൾ വഴി വിറ്റഴിച്ചതായും ഇ.ഡിയുടെ കുറ്റപത്രം പറയുന്നു.
ബെംഗളൂരുവിലെ പ്രത്യേക പിഎംഎൽഎ കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്. നടി രന്യ റാവുവിനൊപ്പം അവരുടെ സഹായി തരുൺ കൊണ്ടൂരു, ബെല്ലാരി സ്വദേശിയായ സ്വർണ വ്യാപാരി സാഹിൽ സക്കറിയ ജെയിൻ എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. നിലവിൽ റിമാന്റിലുള്ള നടി ബെംഗളൂരു സെൻട്രൽ ജയിലിൽ തടവിൽ.
കഴിഞ്ഞ വർഷം ബെംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് നടി രന്യ റാവു പിടിയിലായത്. 14.2 കിലോ സ്വർണവുമായാണ് അവർ പിടിയിലായത്. 15 ദിവസത്തിനിടെ നാലാം തവണയും ദുബൈ യാത്ര നടത്തി തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പിന്നാലെ നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണാഭരണങ്ങളും പണമായി 2.67 കോടി രൂപയും കണ്ടെടുത്തു.
സ്ഥിരമായി രന്യ റാവു സ്വർണം കടത്തിയിരുന്നെന്നാണ് കണ്ടെത്തൽ. ഒരു കിലോ സ്വർണം കടത്തുന്നതിന് 4 മുതൽ 5 ലക്ഷം രൂപ വരെയാണ് ഇവർക്ക് കമ്മീഷനായി ലഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."