സന്ദര്‍ശകര്‍ക്ക് കാഴ്ച വിരുന്നൊരുക്കാന്‍ പുതിയ അതിഥികളെത്തി
ലോകത്തെ ഏറ്റവും നീളംകൂടിയയിനത്തില്പെട്ട
പെരുമ്പാമ്പുകളും, വെള്ള മയിലുകളുമാണെത്തിയത്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഈദും ഓണവും ആഘോഷിക്കാനെത്തുന്ന സന്ദര്‍ശകര്‍ക്ക് കാഴ്ച വിരുന്നൊരുക്കാന്‍ ചെന്നൈയില്‍ നിന്നും അതിഥികളെത്തി.
രണ്ടുജോഡി റെറ്റിക്കുലേറ്റ് പെരുമ്പാമ്പുകളും(ശരീരത്തില്‍ വലക്കണ്ണിയുടെ അടയാളമുള്ളത്), വെള്ള മയിലുകളുമാണ് എത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെയാണ് മൃഗശാലാ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം അതിഥികളുമായെത്തിയത്. ഇന്നലെ രാത്രിയോടെ പെരുമ്പാമ്പുകളെ കൂട്ടില്‍ വിട്ടു.
ലോകത്തെ ഏറ്റവും നീളംകൂടിയതും ഭാരമേറിയതുമായ പാമ്പുവര്ഗത്തില്പ്പെട്ടവയാണ് റെറ്റിക്കുലേറ്റഡ് പൈതോണ്സുകള്. റെറ്റിക്കുലേറ്റഡ് പൈതോണ്സുകള്ക്ക് 33 അടിവരെ നീളമുണ്ടാകും. ഇവയ്ക്ക് 1 കിലോമുതല്‍ 75 കിലോ വരെ ഭാരവുമുണ്ടാകും. ഇന്ത്യയിലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലുമാണ് പ്രധാനമായും ഇത്തരം പെരുമ്പാമ്പുകളെ കണ്ടുവരുന്നത്. നിലവില്‍ ഇന്ത്യന്‍ റോക്ക് പൈതോണ്സുകള് മാത്രമാണ് മൃഗശാലയിലുള്ളത്. രണ്ടു വര്‍ഷം മുന്‍പ് ശ്രീലങ്കയില്‍ നിന്നും അനാക്കോണ്ടകളെ എത്തിച്ചതിനു ശേഷം ആദ്യമായാണ് പുതിയതരം പാമ്പിനെ ഇവിടേക്കു കൊണ്ടുവരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം മൃഗശാലയില്‍ നിന്നും സംഘം ചെന്നൈയിലേക്കു പോയത്. റോഡുമാര്‍ഗമാണ് ഇവയെ എത്തിച്ചത്. തിരുവനന്തപുരത്തു നിന്നും പന്നി മാനുകളേയും, റിയാവര്ഗത്തില്പ്പെട്ട പക്ഷികളേയും ചൈന്നൈ മൃഗശാലയ്ക്കു നല്കി. ഇതിനു പകരമായാണ് റെറ്റിക്കുലേറ്റഡ് പൈതോണ്സിനേയും, വെള്ള മയിലിനേയും എത്തിച്ചത്. പെരുന്നാള്‍ ദിനത്തിലും, തിരുവോണത്തിനും മ്യൂസിയം മൃഗശാലയില്‍ സന്ദര്‍ശകരുടെ തിരക്കായിരിക്കും. മപുതിയ അതിഥികള്‍ കൂടി എത്തിയതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വകുപ്പു ഡയറക്ടര്‍ വി.ഗംഗാധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."