അതിരമ്പുഴയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം
ഏറ്റുമാനൂര്‍ : അതിരമ്പുഴയില്‍ ആളില്ലാത്ത വീട് കുത്തിതുറന്ന് കവര്‍ച്ച. രാഷ്ട്രദീപിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് ശ്രീകണ്ഠമംഗലം മൂലേക്കരിയില്‍ ജോസ് ആന്‍ഡ്രൂസിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. പിന്നിലെ വാതിലിന്റെ കൊളുത്തുകള്‍ നീക്കി കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.
പതിനെട്ടര പവന് സ്വര്‍ണ്ണം, 18000 രൂപ, ലാപ്ടോപ്, ടാബ്, മൊബൈല്‍ ഫോണ്‍ എന്നിവ കളവ് പോയവയില്‍ ഉള്‍പ്പെടുന്നു. അലമാരകള്‍ കുത്തി തുറന്ന നിലയിലായിരുന്നു. എല്ലാ മുറികളും അലങ്കോലമായിട്ടാണിട്ടിരിക്കുന്നത്. ജോസ് ആന്‍ഡ്രൂസും കുടുംബവും ഞായറാഴ്ച വൈകിട്ട് തിരിച്ചെത്തത്തക്ക വിധം ശനിയാഴ്ച രാവിലെ ഒരു യാത്ര പോയതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്റെ പറമ്പിലെ പണിക്കായി തൂമ്പ എടുക്കാന്‍ ചെന്ന ജോലിക്കാരനാണ് വീട് തുറന്ന് കിടക്കുന്നത് കണ്ടത്. ഇയാള്‍ അറിയിച്ചതനുസരിച്ച് ജോസ് ആന്‍ഡ്രൂസിന്റെ സഹോദരന് എത്തി നോക്കിയപ്പോഴാണ് മോഷണം നടന്നത് വ്യക്തമായത്. തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലിസും വിരലടയാള വിദഗ്ദരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."