ഷരീഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനു പൂക്കളുടെ സുഗന്ധം
ചെറുപുഴ: സ്വന്തം കൃഷിയിടത്തിലെ ചെണ്ടുമല്ലി പൂക്കള്‍ വില്‍പന നടത്തി ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി വിനിയോഗിച്ച് മാതൃക കാട്ടുകയാണ് ചെറുപുഴ ബാലവാടി റോഡിലെ ലോട്ടറി കച്ചവടക്കാരന്‍ ഷരീഫ്. ഓണത്തിനു സ്വന്തം നാട്ടിലെ പൂക്കള്‍ ചുരുങ്ങിയ വിലയ്ക്കു വിതരണം നടത്തണമെന്ന ഉദ്ദേശത്തോടെയാണ് ഷരീഫ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. അയല്‍വാസിയുടെ മകളുടെ കല്യാണത്തിനായി കൊണ്ടുവന്ന പൂമാലയിലെ വിത്തുകള്‍ എടുത്താണ് കൃഷി ആരംഭിച്ചത്.
ഓണം വന്നെത്തിയപ്പോള്‍ പൂക്കളും വിരിഞ്ഞു. ഈ സമയത്താണു ചെറുപുഴയ്ക്കടുത്ത് ചെറുപാറയില്‍ ഇരുവൃക്കകളും തകരാറിലായ സവിതാ സുഭാഷ് തുടര്‍ ചികിത്സയ്ക്കായി സഹായം തേടുന്നത് അറിഞ്ഞത്. ഇതോടെ തന്റെ കന്നികൃഷിയിലെ പൂക്കള്‍ വിറ്റുകിട്ടുന്ന തുക ഈ യുവതിയുടെ ചികിത്സാ സഹായത്തിനായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പൂക്കള്‍ ചെറുപുഴ മേലെ ബസാറില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട തുക തൊട്ടടുത്തുവച്ച ബക്കറ്റില്‍ നിക്ഷേപിക്കുകയുമാണു ചെയ്യുന്നത്.
ഷരീഫിനെ സഹായിക്കാന്‍ അയല്‍വാസികളും രംഗത്തുണ്ട്. കൂടാതെ ശരീഫിന്റെ ആവശ്യം മനസിലാക്കിയ ഉദാരമതികള്‍ പൂക്കളുടെ വില നോക്കാതെ നല്ല തുകതന്നെ ബക്കറ്റില്‍ നിക്ഷേപിക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."