സൂപ്പര്‍ ആശുപത്രി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷാലിറ്റി നിലവാരത്തിലേക്കുയര്‍ത്തുന്നു. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് തയാറാക്കിയ വികസന മാസ്റ്റര്‍ പ്ലാന്‍ പ്രസിഡന്റ് കെ.വി സുമേഷ് മന്ത്രി കെ.കെ ശൈലജയ്ക്കു കൈമാറി. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മൂന്നു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കും. നിലവിലെ കെട്ടിടങ്ങളില്‍ ചിലത് നവീകരിച്ചും ചിലത് പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കാനുമാണ് മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയിടുന്നത്.
അഞ്ചേക്കറോളം സ്ഥലത്ത് ചിതറിക്കിടക്കുന്ന കെട്ടിടങ്ങള്‍ അഞ്ച് ബ്ലോക്കുകളാക്കി രോഗികള്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ പുനക്രമീകരിക്കും. അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം, സര്‍ജറി വിഭാഗം, സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം, മെട്രോ കെയര്‍ വിഭാഗം, സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗം എന്നിങ്ങനെയാണ് ബ്ലോക്കുകള്‍ തരംതിരിക്കുക.
നിലവില്‍ 360 പേര്‍ക്കുള്ള കിടത്തി ചികിത്സാ സംവിധാനം 616 ആക്കി ഉയര്‍ത്തും. ഓപറേഷന്‍ തിയറ്ററുകള്‍ രണ്ടില്‍ നിന്നു നാലാക്കും. രണ്ട് പ്രവേശന കവാടങ്ങളോടു കൂടിയ സുരക്ഷിതമായ ചുറ്റുമതില്‍, വിവിധ ബ്ലോക്കുകള്‍ക്കിടയില്‍ അനായാസം സഞ്ചരിക്കാനുള്ള റോഡുകള്‍, നടപ്പാതകള്‍, പാലങ്ങള്‍, കുട്ടികള്‍ക്കു പാര്‍ക്ക്, ആധുനിക രീതിയിലുള്ള സുരക്ഷാ സംവിധാനം, ലിഫ്റ്റുകള്‍ തുടങ്ങിയവയും ഒരുക്കും.
മാലിന്യ സംസ്‌കരണത്തി നും ജലശുദ്ധീകരണത്തിനും വി പുലമായ പദ്ധതികള്‍ കൂടി ഉള്‍പ്പെടുന്നതാണ് മാസ്റ്റര്‍ പ്ലാന്‍. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ രോഗികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് പ്ലാന്റും ഇടതടവില്ലാത്ത വൈദ്യുതി ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കും. ഇതിനായി ട്രാന്‍സ്‌ഫോമറുകള്‍, ജനറേറ്ററുകള്‍, യു.പി.എസ് സംവിധാനം തുടങ്ങിയവ സ്ഥാപിക്കും. പേ വാര്‍ഡുകള്‍ വിപുലീകരിക്കും. പുതിയ ബ്ലഡ് ബാങ്ക്, കൂടുതല്‍ എക്‌സ്‌റേ, അള്‍ട്രാ സൗണ്ട്- എം.ആര്‍.ഐ സ്‌കാനിങ് സംവിധാനങ്ങള്‍, ഒ.പിയില്‍ മൂന്നൂറോളം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം, 300ലേറെ പേരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.
ആശുപത്രിയിലെ മുഴുവന്‍ സേവനങ്ങളും കംപ്യൂട്ടറൈസ് ചെയ്യാനും മാസ്റ്റര്‍പ്ലാനില്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. കാത്‌ലാബ്, സി.സി.യു സംവിധാനങ്ങളോടു കൂടിയ കാര്‍ഡിയോളജി വിഭാഗം, ഡയാലിസിസ് വിഭാഗം എന്നിവയുള്‍ക്കൊള്ളുന്ന പുതിയ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് 50,000 ചതുരശ്ര അടിയില്‍ മൂന്നു നിലകളായാണ് നിര്‍മിക്കുക. ഇതിന് 15 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിലെ കെട്ടിടങ്ങള്‍ നവീകരിച്ച് സേവനങ്ങള്‍ പുനക്രമീകരിക്കുന്നതിന് 8.5 കോടിയും മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റ് പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിനും 6.5 കോടിയുമാണ് ചെലവ് വരിക.
ജില്ലാ ആശുപത്രിയെ പ്ലാസ്റ്റിക്-മാലിന്യ മുക്തമാക്കാനും കെട്ടിടങ്ങള്‍ മോടികൂട്ടിയും വൃക്ഷത്തൈകളും പൂച്ചെടികളും മറ്റും വച്ചുപിടിപ്പിച്ച് പരിസരം മനോഹരമാക്കാനും പദ്ധതിയിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."