നാല്‍പത് ദിവസത്തിന് ശേഷം മസ്ജിദുല്‍ അഖ്‌സയില്‍ ബാങ്കുവിളി മുഴങ്ങി
ജറൂസലം: വല്ലാത്തത്തൊരു നിമിഷമായിരുന്നു അത്. നാല്‍പത് ദിവസത്തിന് ശേഷം മസ്ജിദുല്‍ അഖ്‌സയില്‍ ബാങ്കുവിളി ഉയര്‍ന്നു. ഹൃദയം വിങ്ങി മനസ്സു നിറഞ്ഞ് മുഅദ്ദിന്‍ വിളിച്ചു..അല്ലാഹുഅക്ബര്‍..അല്ലാഹു അക്ബര്‍...ഇടറുന്ന സ്വരത്തില്‍ അദ്ദേഹം ക്ഷണിച്ചു. ഹയ്യാ അല സ്വലാത്ത്( നിസ്‌ക്കാരത്തിലേക്ക് വരിക). പ്രപഞ്ചം മുഴുവന്‍ നിശബ്ദമായി ആ വിളിക്ക് പ്രാര്‍ഥനയായി.
ആഴ്ചകള്‍ നീണ്ട കടുത്ത നിയന്ത്രണങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും താല്‍കാലിക വിരാമമായതോടെയാണ് പുണ്യഭൂമിയായ അല്‍ അഖ്‌സ പള്ളിയില്‍ വീണ്ടും ബാങ്ക് വിളി ഉയര്‍ന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള താല്‍കാലിക വെടിനിര്‍ത്തല്‍ നിലവില്‍വന്നതോടെ നീണ്ട 40 ദിവസം അടച്ചിട്ട മസ്ജിദ് വ്യാഴാഴ്ച ഫജര്‍ നമസ്‌ക്കാരത്തിനായി പള്ളി തുറന്നുകൊടുക്കുകയായിരുന്നു.
The First Fajr Call to Prayer at Al-Aqsa Mosque After 40 Days of Closure
— Quds News Network (@QudsNen) April 9, 2026
The Fajr adhan was raised at Al-Aqsa Mosque for the first time after 40 days of closure imposed on worshippers by the Israeli occupation. pic.twitter.com/6NYOD8Jpls
യുദ്ധം ആരംഭിച്ചത് മുതല്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ വിശ്വാസികള്‍ അല്‍-അഖ്‌സയുടെ മുറ്റത്തേക്ക് വീണ്ടുമെത്തി. അല്‍-അഖ്‌സ പള്ളിക്ക് പുറമെ പഴയ നഗരത്തിലെ വെസ്റ്റേണ്‍ വാള്‍, ചര്‍ച്ച് ഓഫ് ഹോളി സെപുല്‍ക്കര്‍ എന്നീ പുണ്യസ്ഥലങ്ങളും സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കിയിട്ടുണ്ട്. ഈസ്റ്റര്‍, പെസഹ തുടങ്ങിയ പ്രധാന ആഘോഷ വേളകളില്‍ പോലും ഇവ അടഞ്ഞുകിടക്കുകയായിരുന്നു.
വെടിനിര്‍ത്തല്‍ സ്വാഗതംചെയ്ത് ഇന്ത്യയും റഷ്യയും
ന്യൂഡല്‍ഹി /മോസ്‌കോ:: പശ്ചിമേഷ്യയിലെ താല്‍ക്കാലിക വെടിനിര്‍ത്തലിനെ ഇന്ത്യ സ്വാഗതം ചെയ്തു. ഈ നിര്‍ണായക നീക്കം പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മേഖലയില്‍ സംഘര്‍ഷം കുറയ്ക്കണമെന്നാണ് ഇന്ത്യ എക്കാലത്തും ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ യുദ്ധസാഹചര്യം എത്രയും വേഗം അവസാനിപ്പിക്കാന്‍ സംഭാഷണവും നയതന്ത്രവും അനിവാര്യമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. വെടിനിര്‍ത്തലിന്റെ ഭാഗമായി പൂര്‍ണമായി തുറന്നുകൊടുക്കാമെന്ന് ഇറാന്‍ സമ്മതിച്ച ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ നീക്കം സുഗമമാകുമെന്നും ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു. 'സംഘര്‍ഷം ഇതിനകം തന്നെ ജനങ്ങള്‍ക്ക് വലിയ ദുരിതമുണ്ടാക്കുകയും ആഗോള ഊര്‍ജ വിതരണത്തെയും വ്യാപാര ശൃംഖലകളെയും തടസ്സപ്പെടുത്തുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്കിലൂടെ തടസമില്ലാത്ത കപ്പല്‍ ഗതാഗതവും ആഗോള വ്യാപാരവും പുനഃസ്ഥാപിക്കപ്പെടുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു'- വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വെടിനിര്‍ത്തലിനെ റഷ്യയും സ്വാഗതം ചെയ്തു. ഉക്രൈന്‍ യുദ്ധത്തിലും യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ച പുനനാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്രെംലിന്‍ വക്താവ് ദിംത്രി പെസ്‌കോവ് ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. റഷ്യയും ഉക്രൈനും യു.എസും തമ്മിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ച നടത്തുന്നത്. മറ്റു ഇടനിലക്കാര്‍ ഇല്ല.
ട്രംപും നാറ്റോ മേധാവിയും വൈറ്റ്ഹൗസില്‍ ചര്‍ച്ച നടത്തും
വാഷിങ്ടണ്‍/ ബ്രസല്‍സ് : ഇറാന്‍ യുദ്ധത്തിന് താല്‍ക്കാലിക വെടിനിര്‍ത്തലിനു പിന്നാലെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈറ്റ്ഹൗസില്‍ ചര്‍ച്ച നടത്തും. ഇറാന്‍ യുദ്ധത്തില്‍ നാറ്റോ പങ്കെടുക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെ നാറ്റോയില്‍ നിന്ന് പിന്‍മാറുന്നത് ആലോചിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാറ്റോ മേധാവിയും ട്രംപും വൈറ്റ്ഹൗസില്‍ ചര്‍ച്ച നടത്തുന്നത്. 32 അംഗങ്ങളാണ് നാറ്റോയിലുള്ളത്. ഇതിലെ പ്രധാന സൈനിക ശക്തിയാണ് യു.എസ്. നാറ്റോയില്‍ നിന്ന് യു.എസ് പിന്മാറുമെന്ന ഭീഷണിയോട് നാറ്റോ പ്രതികരിച്ചിട്ടില്ല. നേരത്തെ ജനുവരി 21 ന് ഡാവോസിലെ ലോക എക്ണോമിക് ഫോറം യോഗത്തിനിടെ ട്രംപും റുട്ടെയും കൂടിക്കാഴ്ച നടത്തിയിരുന്നു.
വെടിനിര്‍ത്തലില്‍ ഇസ്റാഈലിന് അതൃപ്തി
തെഹ്റാന്‍: ഇറാനും യു.എസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്റാഈലിന് അതൃപ്തി. ഇസ്റാഈലിനു നേരെയുള്ള ആക്രമണം ഇറാന്‍ തുടരുമെന്നാണ് സൂചന. ഇറാന്റെ ആവശ്യങ്ങള്‍ യു.എസ് അംഗീകരിക്കുമെന്നതാണ് ഇസ്റാഈലിനെ ചൊടിപ്പിക്കുന്നത്. 10 ഇന വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ക്ക് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ ആണ് അംഗീകാരം നല്‍കിയത്.
ഇറാന്റെ നേതൃത്വത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള നിയന്ത്രിത പാതയൊരുക്കണമെന്നതാണ് ഇറാന്‍ മുന്നോട്ട് വച്ച പ്രധാന നിര്‍ദേശം. ഹോര്‍മുസില്‍ ഇറാന് സവിശേഷമായ ഒരു സാമ്പത്തിക, ഭൗമരാഷ്ട്രീയ സ്ഥാനം നല്‍കുക, ഇറാനും പ്രതിരോധ അച്ചുതണ്ടിലെ സഖ്യകക്ഷികള്‍ക്കുമെതിരായ യുദ്ധം അവസാനിപ്പിക്കുക, മേഖലയിലെ എല്ലാ സൈനികതാവളങ്ങളില്‍ നിന്നും വിന്യസിച്ച ഇടങ്ങളിലും നിന്നും അമേരിക്ക സൈന്യത്തെ പിന്‍വലിക്കണം, ഇറാന്റെ ആധിപത്യം ഉറപ്പാക്കുന്ന വിധത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷിതമായ ഒരു ഗതാഗത പ്രോട്ടോക്കോള്‍ സ്ഥാപിക്കല്‍, ഇറാന്റെ നാശനഷ്ടങ്ങള്‍ക്ക് പൂര്‍ണ്ണമായ നഷ്ടപരിഹാരം നല്‍കുക, ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെയും രക്ഷാ കൗണ്‍സിലിന്റെയും എല്ലാ ഉപരോധങ്ങളും പ്രമേയങ്ങളും പിന്‍വലിക്കണം, വിദേശത്ത് മരവിപ്പിച്ച എല്ലാ ഇറാനിയന്‍ ആസ്തിയും വസ്തുവകകളും വിട്ടുനല്‍കുക, ഭാവിയില്‍ ഇറാനെതിരെ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന ഉറപ്പ്, രക്ഷാ കൗണ്‍സില്‍ പ്രമേയത്തിലൂടെ മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം അംഗീകരിക്കുക തുടങ്ങിയവയാണ് ഇറാന്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍. പാകിസ്താന്റെ മധ്യസ്ഥതയിലും ചൈനയുടെ ഇടപെടലിലും രൂപപ്പെട്ട 10 പോയിന്റ് നിര്‍ദ്ദേശങ്ങള്‍ തുടര്‍ചര്‍ച്ചകള്‍ക്ക് പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.
the call to prayer resumes at al aqsa mosque after forty days marking a significant moment amid ongoing tensions in the region
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."